‘അന്നത്തെ 10 രൂപയുടേയും ബിരിയാണിയുടേയും സ്‌നേഹം തിരിച്ചുതരുന്നത് അറിഞ്ഞില്ല’; മമ്മൂട്ടിയോട് ക്ഷമ പറഞ്ഞ് ലക്ഷദ്വീപ് നിവാസി

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതികരിച്ചും ദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും നിരവധി സെലിബ്രിറ്റികളാണ് രംഗത്തെത്തിയത്. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നടന്മാര്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് വേണ്ടി രംഗത്തെത്തിയെങ്കിലും മുതിര്‍ന്ന നടന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും വിഷയത്തില്‍ മൗനം പാലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളുയര്‍ന്നു. ഇതിനിടെ മമ്മൂട്ടിയില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് നിവാസിയായ മുഹമ്മദ് സ്വാദിഖ് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം വാര്‍ത്തയായി. മഹാരാജാസ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മമ്മൂട്ടി ലക്ഷദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കവരത്തി സ്വദേശിയുടെ വൈകാരികമായ കുറിപ്പ്. പരിപാടിയില്‍ അനൗണ്‍സറായതിന് ദ്വീപ് വിദ്യാര്‍ത്ഥികള്‍ തനിക്ക് പത്ത് രൂപയും ബിരിയാണിയും തന്നെന്നും അതാണ് തന്റെ പ്രതിഫലമെന്നും മമ്മൂട്ടി മുന്‍പൊരിക്കല്‍ പറഞ്ഞതും കത്തിലുണ്ടായിരുന്നു.

എന്നാല്‍ കത്തിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മമ്മൂട്ടിയോട് ഖേദപ്രകടനം നടത്തിയിരിക്കുകയാണ് മുഹമ്മദ് സ്വാദിഖ്. മമ്മൂട്ടിയോടുള്ള ഇഷ്ടവും പിന്തുണ ആഗ്രഹിച്ചതുമാണ് തുറന്ന കത്തെഴുതാന്‍ കാരണം. മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസുമായി സംസാരിച്ചപ്പോഴാണ് മമ്മൂക്ക ദ്വീപിനോട് കാണിച്ചുകൊണ്ടിരിക്കുന്ന കരുതല്‍ മനസിലായത്. 15 വര്‍ഷം മുന്‍പ് മമ്മൂട്ടി പ്രത്യേക താല്‍പര്യമെടുത്ത് ദ്വീപില്‍ നടത്തിയ മെഡിക്കല്‍ ക്യാംപിനേക്കുറിച്ച് അറിഞ്ഞെന്നും സ്വാദിഖ് പറഞ്ഞു.

എന്തായാലും അന്നത്തെ 10 രൂപയുടെയും ബിരിയാണിയുടെയും സ്‌നേഹം ഇരട്ടിയായ് അങ്ങ് ഞങ്ങള്‍ക്ക് തിരിച്ച് തരുന്നു എന്നറിയാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം.

മുഹമ്മദ് സ്വാദിഖ്

തന്റെ കത്ത് മമ്മൂക്ക കണ്ടതായി അറിഞ്ഞു. അദ്ദേഹത്തിനോ മമ്മൂക്കയുമായ് ബന്ധപ്പെട്ടവര്‍ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ടെലി മെഡിസിന്‍ സിസ്റ്റത്തിന്റെ ലക്ഷദ്വീപിലെ സംഘാടനം ചെയ്യാന്‍ പിആര്‍ഒ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വാദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: ‘ലക്ഷദ്വീപില്‍ 15 വര്‍ഷം മുന്‍പേ മമ്മൂട്ടിയുടെ മെഡിക്കല്‍ സംഘം, ടെലിമെഡിസിനെത്തിച്ചു’; ദ്വീപുകാരുടെ ക്യാന്‍സര്‍ ചികിത്സക്ക് സംവിധാനമൊരുങ്ങുന്നെന്ന് മമ്മൂട്ടിയുടെ പിആര്‍ഒ

മുഹമ്മദ് സ്വാദിഖിന്റെ പ്രതികരണം

“മമ്മൂക്കയ്ക്ക് ലക്ഷദ്വീപില്‍ നിന്ന് ഞാനൊരു തുറന്ന കത്തെഴുതിയിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ മമ്മൂക്ക പ്രതികരിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും ആ കത്ത് ഒരു വാര്‍ത്തയായി മാറുകയും ചെയ്തു. മമ്മൂക്കയോടുള്ള ഇഷ്ടം ഒന്ന് തന്നെയാണ് അത്തരത്തില്‍ ഒരു തുറന്ന കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. മലയാളി സമൂഹം ഒന്നടങ്കം ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്ന മലയാളത്തിന്റെ മഹാനടന്റെ പിന്തുണ ആഗ്രഹിച്ചു എന്നതുകൊണ്ട് മാത്രം.

ശേഷം മമ്മൂക്കയുടെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റും പിആര്‍ഒയും കൂടിയായ റോബര്‍ട്ട് കുര്യാക്കോസുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. അപ്പോഴാണ് നമ്മുടെ ചിന്തകള്‍ക്കുമപ്പുറമാണ് ലക്ഷദ്വീപിനോടുള്ള മമ്മൂക്കയുടെ കരുതല്‍ എന്ന് മനസിലാക്കാന്‍ സാധിച്ചത്.

കാഴ്ച്ച 2006/07 എന്ന പദ്ധതിയുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന്, ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സാ പദ്ധതിയുടെ ഭാഗമായി മമ്മൂക്ക ഒരു മെഡിക്കല്‍ സംഘത്തെ ലക്ഷദ്വീപിലേക്ക് അയച്ചിരുന്നു. കാഴ്ച്ച പദ്ധതി കേരളത്തില്‍ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്കയുടെ പ്രത്യേക താല്‍പര്യം മുന്‍നിര്‍ത്തിയാണ് പദ്ധതി ലക്ഷദ്വീപിലേക്ക് വ്യാപിപ്പിച്ചത്. പതിനഞ്ച് അംഗ മെഡിക്കല്‍ സംഘം ഒരാഴ്ച ഇവിടെ ചെലവഴിച്ച് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ച്, മൂന്നൂറോളം പേരെ ഇവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി എന്നും റോബര്‍ട്ടില്‍ നിന്നും അറിയാന്‍ സാധിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പിന്തുണക്കുമപ്പുറമാണ് മമ്മുക്കയ്ക്ക് ലക്ഷദ്വീപിനോടുള്ള കരുതല്‍ എന്ന് മനസിലാക്കി തന്നതിനും ഒരായിരം നന്ദി.

വരും നാളുകളില്‍ മമ്മൂക്കയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ടെലി മെഡിസിന്‍ സിസ്റ്റം ലക്ഷദ്വീപില്‍ കോര്‍ഡിനേറ്റ് ച്ചെയ്യണമെന്നും ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്ക് എല്ലാവിധ പിന്തുണ ഉണ്ടാവണമെന്നും അദേഹം ആവശ്യപ്പെട്ടു. എന്തായാലും അന്നത്തെ 10 രൂപയുടേയും ബിരിയാണിയുടേയും സ്‌നേഹം ഇരട്ടിയായ് അങ്ങ് ഞങ്ങള്‍ക്ക് തിരിച്ച് തരുന്നു എന്നറിയാന്‍ സാധിച്ചതിലും ഒരുപാട് സന്തോഷം.

കത്ത് മമ്മൂക്ക കണ്ടിരുന്നതായും അറിയാന്‍ കഴിഞ്ഞു. ആരെയും വേദനിപ്പിക്കാനായിട്ടല്ല കത്തെഴുതിയത്. മമ്മൂക്കക്കോ മമ്മൂക്കയുമായ് ബന്ധപ്പെട്ട ആര്‍ക്കെങ്കിലുമോ ആ കത്ത് കാരണം മാനസികമായി ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നു. തെറ്റ് മനസിലാക്കിയാല്‍ അത് തിരുത്തേണ്ടതും ഒരു ധര്‍മ്മമാണെന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെയാണ് ഈ മറുപടി കുറിപ്പ്. മലയാള മണ്ണിന്റെ പിന്‍ബലത്തോടെ നാടിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.
സസ്‌നേഹം..
മുഹമ്മദ് സ്വാദിഖ്
കവരത്തി, ലക്ഷദ്വീപ്”

മുഹമ്മദ് സ്വാദിഖ് ആദ്യമെഴുതിയ ‘വൈറല്‍ കത്ത്’

മലയാളത്തിൻ്റെ മഹാനടന് ലക്ഷദ്വീപിൽ നിന്നൊരു തുറന്ന കത്ത്…പ്രിയപ്പെട്ട മമ്മുക്ക, കേരളത്തിൻ്റെ അയൽ ദ്വീപ് സമുഹമായ, ഞങ്ങളുടെ നാടയ ലക്ഷദ്വീപ് വാർത്തകളിൽ നിറഞ് നിൽക്കുന്നത് താങ്കളുടെ ശ്രദ്ധയിൽപ്പെട്ട് കാണും എന്ന് പ്രതീഷിക്കുന്നു. കേരളക്കരമൊത്തം ഞങ്ങളെ ചേർത്ത് നിർത്തുമ്പോഴും ഇത് വരെ ആയി താങ്കളുടെയോ താങ്കളുടെ മകൻ്റെയോ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണമോ പിന്തുണയോ കണ്ടില്ല,

പ്രിയ മമ്മുക്ക, ഇന്ന് കേരളക്കര അറിയുന്ന രാജ്യമറിയുന്ന മഹാ നടനിലേക്കുള്ള താങ്കളുടെ പ്രയാണത്തിന് മുൻപ്, 1970 കാലഘട്ടത്തിൽ കോട്ടയം ജില്ലയിലെ ചെമ്പ് എന്ന കൊച്ച് ഗ്രാമത്തിലെ സാധരണക്കാരനായ മുഹമ്മദ് കുട്ടി എന്ന വിദ്യാർത്ഥിയായിരുന്ന കാലത്തെ ഒരു അനുഭവം, കുറച്ച് വർഷങ്ങൾക്ക് മുൻപ് മമ്മുട്ടി ടൈംസ് എന്ന വാരികയിൽ താങ്കളുടെ ജീവചരിത്രം എഴുതുന്ന പംക്തിയിൽ, അങ്ങേക്ക് ലഭിച്ച ആദ്യ പ്രതിഫലത്തെ കുറിച്ച് അങ്ങ് ഇങ്ങനെ എഴുതാനിടയായ്.

“അന്ന് ലക്ഷദ്വീപിൽ നിന്നുള്ള ദാരളം വിദ്യാർത്ഥികൾ മഹാരാജാസിൽ പഠിച്ചിരുന്നു, അവർക്കൊരു സംഘടനയുണ്ട് ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ.അതിൻ്റെ ആഭിമുഖ്യത്തിൽ കോളേജിൽ വെച്ചൊരു പരിപാടി നടന്നു, ദ്വീപിലെ ചില നാടൻ കലാരൂപങ്ങളാണ് അവതരിപ്പിച്ചത് അതിൻ്റെ അവതരണത്തോടനുബന്ധിച്ചുള്ള അനൗൺസ്മെൻറ് നടത്തിയത് ഞാനായിരുന്നു. പത്തു രൂപയും ബിരിയാണിയുമായിരുന്നു അതിന് പ്രതിഫലം.”

ഇപ്രകാരം പറഞ് അങ്ങ് വരികൾ അവസാനിപ്പിക്കുന്നു സോഷ്യൽ മീഡീയകളൊന്നും ഒട്ടും പ്രചാരമില്ലാത്ത കാലഘട്ടത്തിൽ എൻ്റെ നാട്ടിലെ വിദ്യാർത്ഥി സംഘടനയാണ്, എൻ്റെ നാട്ടുകാരാണ്,അങ്ങേക്ക് ആദ്യ പ്രതിഫലം നൽകിയതെന്ന വാർത്ത വളരെ ആവേശപൂർവം വായ്ക്കുകയും ആ പേജ് ഞാൻ വെട്ടി സുക്ഷിക്കുയും ചെയ്തു. അന്ന് കേരളത്തിലെ എൻ്റെ കൂടുകാർക്കിടയിൽ വളരെ അഭിമാനത്തോടെ തമാശ രൂപേണ ഞാൻ ഇപ്രകാരം പറയുമായിരുന്നു.

“എടാ പത്ത് രൂപക്കും ബിരിയാണിക്കും മമ്മുട്ടിയെ വിലക്കെടുത്തവരാ ഞങ്ങളെന്ന് ”പിന്നീട് വർഷങ്ങൾക്കിപ്പുറം അങ്ങേയ്ക്ക് ആദ്യ പ്രതിഫലം നൽകിയ ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ സംഘടനയായ ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ അദ്യക്ഷസ്ഥാനം അലങ്കരിക്കാനുള്ള സൗഭാഗ്യവും എനിക്കുണ്ടായ്, ഇന്ന് ആ സംഘടന 50 ആം വർഷികം ആഘോഷിക്കുകയാണെന്ന സന്തോഷവും ഇത്തരുണത്തിൽ ഞാൻ താങ്കളുമായ് പങ്കിടുന്നു.

മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം അന്നത്തെ പത്ത് രുപ പ്രതിഫലം വാങ്ങിയ മുഹമ്മദ് കുട്ടിയിൽ നിന്ന് 10 കോടി വാങ്ങുന്ന മമ്മുട്ടി എന്ന ലോകമറിയുന്ന മഹാനടനയായ് അങ്ങ് വളർന്നു, ഈ മഹാപ്രയാണത്തിന് തുടക്കമിട്ട ആ പത്ത് രൂപയുടെയും ബിരിയാണിയുടെയും രുചിയും വിലയും അങ്ങ് ഇന്നും മറന്നിട്ടിലെങ്കിൽ,കേരളം മൊത്തം ലക്ഷദ്വീപിനൊപ്പം നിൽക്കുന്ന ഈ അവസരത്തിൽ ഫൈസ് ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ അങ്ങയുടെയും അങ്ങയുടെ മകൻ്റെയും ഒരു പിന്തുണ, ഒരുകരുതൽ,അത്രമാത്രം അത് മാത്രം, ആഗ്രഹിക്കുന്നത് തെറ്റാണോ മമ്മുക്ക !

ഇന്നും അങ്ങയെ നെഞ്ചിലേറ്റുന്നവർ തന്നെയാണ് ലക്ഷദ്വീപ് ജനത. അങ്ങയുടെ സിനിമ കാണാനും തീയേറ്ററിലിരുന്ന് ആർപ്പ് വിളിക്കാനും ലക്ഷദ്വീപിന്ന് കൊച്ചിയിലേക്ക് കപ്പല് കേറുന്ന ദാരാളം യുവാക്കൾ ഇന്നും ദീപിലുണ്ട് മമ്മുക്ക..ഈ കത്ത് എന്നെങ്കിലും അങ്ങ് കാണും വായിക്കും എന്ന ശുഭ പ്രതീക്ഷയോടെ…. –

സ്നേഹപ്പൂർവം മുഹമ്മദ് സ്വാദിക്ക്

കവരത്തി… (ഒരു ലക്ഷദ്വീപ് നിവാസി)