ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു

കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ (46) അന്തരിച്ചു. ഹൃദയസ്തംഭനത്തേത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രാവിലെ പതിനൊന്ന് മണിക്ക് ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്യുന്നതിനിടെ പുനീതിന് നെഞ്ച് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ബെംഗളുരു വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് കഴിഞ്ഞ മണിക്കൂറുകളില്‍ ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തിന്റെ ചികിത്സയിലായിരുന്നു പുനീത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആശുപത്രിയിലെത്തി നടനെ സന്ദര്‍ശിച്ചു. സഹോദരനും നടനുമായ ശിവ രാജ്കുമാറും നടന്‍ യാഷും ആശുപത്രിയിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പുനീതിന്റെ പേഴ്‌സണല്‍ മാനേജര്‍ സതീഷ് ആണ് നടന്റെ വിയോഗവാര്‍ത്ത സ്ഥിരീകരിച്ചത്.

നടന്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത പരന്നതോടെ വന്‍ ജനാവലി വിക്രം ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകിയെത്തിയിരുന്നു. നടന് ആദരമര്‍പ്പിച്ച് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

ലക്ഷക്കണക്കിന് ആരാധകരുള്ള നടന്റെ അപ്രതീക്ഷിത നിര്യാണത്തേത്തുടര്‍ന്ന് കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബെംഗളുരു നഗരത്തിലടക്കം വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചതായും തിയേറ്ററുകള്‍ ഉടന്‍ തന്നെ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായും വാര്‍ത്തകളുണ്ട്.

ശിവ രാജ്കുമാറിന്റെ ‘ബജ്‌റംഗി 2’ എന്ന ചിത്രം ഇന്ന് റിലീസായിരുന്നു. മലയാള നടി ഭാവന നായികയാകുന്ന ചിത്രത്തിനും ക്രൂവിനും ആശംസകള്‍ നേര്‍ന്ന് പുനീത് രാവിലെ ട്വീറ്റ് ചെയ്യുകയുണ്ടായി.

ബാലതാരമായി സാന്‍ഡല്‍വുഡിലെത്തിയ പുനീത് കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ ഏറ്റവും ഇളയ മകനാണ്. 1975ല്‍ ചെന്നൈയിലായിരുന്നു ജനനം. ഒരു വയസുള്ളപ്പോള്‍ മുതല്‍ കുഞ്ഞു പുനീത് കന്നഡ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. 14-ാം വയസില്‍ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത പുനീത് 2002ലാണ് തിരികെയെത്തുന്നത്. ‘അപ്പു’ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായതോടെ ഇന്‍ഡസ്ട്രിയിലെ ചെല്ലപ്പേരായി അത് മാറി. പിന്നീട് അഭി (2003), വീര കന്നഡിഗ (2004), മൗര്യ (2004), ആകാശ് (2005), അജയ് (2006), അരസു (2007), മിലാന (2007), വംശി (2008), രാം (2009), ജാക്കി (2010), ഹുഡുഗാരു (2011), രാജകുമാര (2017), അന്‍ജാനി പുത്ര (2017), എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തോടെ കന്നഡയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി. രണ്ട് തവണ മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 2012ല്‍ അവതരിപ്പിച്ച ടിവി ഷോ ‘കന്നഡ കോടിപതി’ ഹിറ്റായിരുന്നു. ഗായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും പുനീത് കഴിവ് തെളിയിച്ചിട്ടുണ്ട്.