മുപ്പത് മണ്ഡലങ്ങള്‍; തെക്കന്‍ ജില്ലകളിലെ ഈ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: ഞായറാഴ്ച തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ തെക്കന്‍ ജില്ലകളിലെ മുപ്പത് മണ്ഡലങ്ങളിലെ കടുത്ത പോരാട്ടത്തിന്റെ ഫലം എന്താവുമെന്ന് കൃത്യമായി കണക്കുകൂട്ടാനാവാതെ മുന്നണികള്‍. കഴിഞ്ഞ തവണ ലഭിച്ച മണ്ഡലങ്ങളെല്ലാം ഇത്തവണയും ഒപ്പം നില്‍ക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ ചില അട്ടിമറികള്‍ സംഭവിച്ച് തങ്ങള്‍ക്ക് മുന്നേറ്റമുണ്ടാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ബിജെപിയും ഏറെ പ്രതീക്ഷ വെക്കുന്നത് തെക്കന്‍ മണ്ഡലങ്ങളിലാണ്.

ഈ 30 മണ്ഡലങ്ങളില്‍ 20 മണ്ഡലങ്ങളില്‍ യാതൊരു മുന്‍തൂക്കവും ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്തതാണെന്ന് മൂന്ന് മുന്നണികളും പറയുന്നു. ശബരിമല, ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കിറ്റ്, കൊവിഡ് പരിപാലനം, മറ്റ് ക്ഷേമ പദ്ധതികള്‍ ഇവയൊക്കെ ചര്‍ച്ചായായി.

തലസ്ഥാന ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ഒന്‍പതിടത്തും ഇത്തവണ കനത്ത പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഇതില്‍ ഒന്‍പത് സീറ്റും എല്‍ഡിഎഫാണ് നേടിയത്. നേമത്ത് കുമ്മനം രാജശേഖരനും കെ മുരളീധരനും വി ശിവന്‍കുട്ടിയും മത്സരിക്കാനെത്തിയതോടെ മണ്ഡലം ആര്‍ക്കെന്ന് വോട്ടെണ്ണുമ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂ എന്നതാണ് യഥാര്‍ത്ഥ അവസ്ഥ.

നേമത്തോടൊപ്പം കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും തിരുവനന്തപുരം സെന്‍ട്രലും ബിജെപി സ്വപ്‌നം കാണുന്നു. എന്നാല്‍ ബിജെപിയുടെ അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുമെന്നാണ് എല്‍ഡിഎഫും യുഡിഎഫും പ്രതീക്ഷിക്കുന്നത്.

നിലവില്‍ സിപിഐഎമ്മിന്റെ കയ്യിലിരിക്കുന്ന പാറശ്ശാലയിലും വാമനപുരത്തും വര്‍ക്കലയിലും മണ്ഡലത്തിന് പരിചിതരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി യുഡിഎഫ് മത്സരമുണ്ടാക്കി. അതേ സമയം ശബരിനാഥന്‍ എളുപ്പത്തില്‍ കടന്നുകയറി പോരും എന്ന് പ്രതീക്ഷിച്ചിരുന്ന അരുവിക്കരയില്‍ അഡ്വ ജി സ്റ്റീഫനെ രംഗത്തിറക്കി സിപിഐഎമ്മും മത്സരം കടുപ്പമേറിയതാക്കി.

യുഡിഎഫിന് ഒരു എംഎല്‍എ പോലുമില്ലാതിരുന്ന കൊല്ലം ജില്ലയില്‍ ഇക്കുറി മത്സരം സൃഷ്ട
ിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. കൊല്ലത്തും കുണ്ടറയിലും പത്തനാപുരത്തും വാശിയേറിയ മത്സരമാണ് നടക്കുന്നത്. ചവറയും കരുനാഗപ്പള്ളിയും യുഡിഎഫ് ഉറപ്പിക്കുന്നു. അതേ സമയം കൊല്ലം ഇടതുകോട്ടയായി തന്നെ തുടരുമെന്നാണ് എല്‍ഡിഎഫ് നിലപാട്.

യുഡിഎഫ് കോട്ടയെന്ന് നേരത്തെ അറിയപ്പെട്ടിരുന്ന പത്തനംതിട്ട ജില്ല കുറച്ചു കാലമായി അങ്ങനെയല്ല നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തവണ തിരുവല്ല ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും പോര് ശക്തമാണ്. ജില്ലയിലെ മണ്ഡലങ്ങള്‍ നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍ മണ്ഡലങ്ങളുടെ മനസ്സ് ഇത്തവണ മാറുമെന്ന് യുഡിഎഫ് പറയുന്നു. തെക്കന്‍ ജില്ലകള്‍ തന്നെയാവും ഇക്കുറി വിധി നിര്‍ണ്ണയിക്കുക. ആര് സ്വന്തമാക്കും ഈ മണ്ഡലങ്ങളുടെ മനസ്സ് എന്നറിയാന്‍ ഞായറാഴ്ച വരെ കാത്തിരിക്കുക തന്നെ വേണ്ടി വരും.