സമാജ്‌വാദി ബാബാ സാഹേബ് അംബേദ്കര്‍ വാഹിനി; ജാതവ് ഇതര ദളിതുകളെ ഒപ്പം കൂട്ടാന്‍ സംഘടനയുമായി എസ്പി

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കനുകൂലമായി ദളിതുകളെ ആകര്‍ഷിക്കാനുള്ള നീക്കങ്ങളുമായി സമാജ്‌വാദി പാര്‍ട്ടി. ദളിത് വിഭാഗങ്ങള്‍ക്ക് മാത്രമായി സംഘടന രൂപീകരിച്ചാണ് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

29 വര്‍ഷത്തോളം ബിഎസ്പി നേതൃനിരയില്‍ സജീവമായുണ്ടായിരുന്ന മിതായ് ലാല്‍ ഭാരതിയെ പുതുതായി രൂപീകരിച്ച സമാജ്‌വാദി ബാബാ സാഹേബ് അംബേദ്കര്‍ വാഹിനി എന്ന സംഘടനയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. രണ്ട് വര്‍ഷം മുമ്പാണ് ഭാരതി ബിഎസ്പി വിട്ടത്.

സംസ്ഥാനത്തെ പ്രമുഖ ദളിത് നേതാവാണ് ഭാരതി. പ്രത്യേകിച്ച് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍. ബിഎസ്പിയിലായിരിക്കെ വിവിധ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമുണ്ടായിരുന്ന നേതാവായിരുന്നു ഭാരതി. പൂര്‍വാഞ്ചല്‍ മേഖലയുടെ ഉത്തരവാദിത്വമുണ്ടായിരുന്ന ഭാരതിക്ക് പ്രവര്‍ത്തന പാരമ്പര്യമേറെയാണ്. ബിഎസ്പിയുടെ പ്രധാന വോട്ട് ബാങ്കായ ജാതവ് വിഭാഗത്തിന് പുറത്തുള്ള ദളിത് വിഭാഗങ്ങളെ സ്വാധീനിക്കാനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആലോചന.

‘ജാതവ് അല്ലാത്ത നേതാക്കള്‍ ബിഎസ്പിയില്‍ അപമാനിക്കപ്പെടുകയാണ്. മുതിര്‍ന്ന നേതാക്കളായ ലാല്‍ജി വര്‍മ്മയെയും രാം അചല്‍ രാജ്ബറിനെയും പാര്‍ട്ടി പുറത്താക്കി. അടുത്തിടെ മുന്‍ ബിഎസ്പി സ്പീക്കര്‍ സുഖ്‌ദേവ് രാജ്ബര്‍ അന്തരിച്ചപ്പോള്‍ മായാവതി അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിക്കാനോ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാനോ തയ്യാറായില്ല. സതീഷ് ചന്ദ്ര മിശ്ര പോലും അതിന് തയ്യാറായില്ല. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ ബിഎസ്പിയെ കയ്യൊഴിയുകയും എസ്പിയിലേക്ക് വരികയുമാണ്’, ഒരു മുതിര്‍ന്ന എസ്പി നേതാവ് പറഞ്ഞു.

22 മുതല്‍ 23 ശതമാനം വരെയാണ് ഉത്തര്‍പ്രദേശിലെ ദളിത് വോട്ട് ബാങ്ക്. ഇതില്‍ 12 ശതമാനത്തോളമാണ് ജാതവ് വിഭാഗം. ജാതവ് വിഭാഗം ഇപ്പോഴും ബിഎസ്പിയെ പിന്തുണക്കുന്നുവെങ്കിലും മറ്റ് ദളിത് വിഭാഗങ്ങള്‍ ബിഎസ്പിയില്‍ നിന്ന് അകലം പാലിക്കുന്നുണ്ട്. ഈ വിഭാഗങ്ങളെ ആകര്‍ഷിക്കാനാണ് എസ്പി ശ്രമം.