ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുന ഒരു കാറ്റലോണിയക്കാരന്‍; അല്‍വാരോ വാസ്‌ക്വെസ് എത്തുന്നത് 150ലധികം ലാലിഗ മത്സരങ്ങളുടെ പരിചയ സമ്പത്തോടെ

ഐഎസ്എല്‍ എട്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോര്‍മുന സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വെസ്. മുപ്പതുകാരനായ വാസ്‌ക്വെസുമായി കെബിഎഫ്‌സി മാനേജ്‌മെന്റ് 2022 മെയ് 31വരെ കരാറിലേര്‍പ്പെട്ടു. സ്പാനിഷ് സെഗുണ്ട ഡിവിഷന്‍ ക്ലബ്ബായ സ്‌പോര്‍ടിങ് ഗിഹോണില്‍നിന്നാണ് വാസ്‌ക്വെസിന്റെ വരവ്. എസ്പാന്യോള്‍, ഗെറ്റാഫേ തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി 150ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ്ബായ സ്വാന്‍സീ സിറ്റിക്ക് വേണ്ടി 12 തവണ വാസ്‌ക്വെസ് കളത്തിലിറങ്ങി. ഫുട്‌ബോള്‍ ജീവിതത്തിലെ പുതിയ ഘട്ടമാണ് ഇതെന്ന് സ്പാനിഷ് മുന്‍ അണ്ടര്‍ 20 താരം പ്രതികരിച്ചു.

ഇന്ത്യയിലെ ഫുട്‌ബോളിനേക്കുറിച്ചും ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ചും ഏറെ കേട്ടിട്ടുണ്ട്. ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. കളത്തിനകത്തും പുറത്തും ടീമിന് വേണ്ടി മികവുകാട്ടും.

അല്‍വാരോ വാസ്‌ക്വെസ്

അല്‍വാരോയെപ്പോലുള്ള വമ്പന്‍ താരങ്ങള്‍ ഒപ്പം ചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. അല്‍വാരോ ഞങ്ങളുടെ കുടുംബത്തില്‍ ചേരുന്നത് ആവേശകരമാണ്. അദ്ദേഹത്തിന്റെ കളി മികവും ഊര്‍ജവും നേതൃഗുണവും ടീമിന് ശക്തി പകരുമെന്നും സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

കാറ്റലോണിയയുടെ ആസ്ഥാനമായ ബാഴ്‌സലോണയിലാണ് അല്‍വാരോയുടെ ജനനം. ട്രജാന, ഡാം ക്ലബ്ബുകളിലായിരുന്നു യൂത്ത് കരിയറിന്റെ തുടക്കം. 2005ല്‍ എസ്പാന്യേളിന്റെ യൂത്ത് അക്കാദമി താരമായി. 2010ല്‍ 19-ാം വയസില്‍ സീനിയര്‍ തലത്തിലും ലാലിഗയിലും അരങ്ങേറി. എസ്പന്യോളിന് വേണ്ടി 60 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി. 2012ല്‍ ഗെറ്റാഫെയിലെത്തി. 2016 വരെയുള്ള കാലയളവില്‍ 86 കളികളില്‍ നിന്ന് 16 ഗോളുകള്‍. വായ്പാ അടിസ്ഥാനത്തിലാണ് സ്വാന്‍സീ സിറ്റിയിലേക്ക് പോയത്. 12 മത്സരങ്ങള്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച ശേഷം എസ്പാന്യോളിലേക്ക് തിരിച്ചെത്തി. നാല് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ കാലയളവില്‍ ജിംനാസ്റ്റിക്, റയല്‍ സരഗോസ എന്നീ ക്ലബ്ബുകള്‍ക്കായി സെഗുണ്ട ഡിവിഷനിലും (ലാലിഗ 2) ലോണില്‍ കളിച്ചു. 2019ലാണ് സ്‌പോര്‍ടിങ് ഗിഹോണുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തിയത്. അവിടെ നിന്ന് തേര്‍ഡ് ടയര്‍ ലീഗ് ക്ലബ്ബായ സബാഡെല്ലില്‍ ലോണില്‍ കളിക്കുന്നതിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിളിയെത്തുന്നത്.

2011ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ സ്‌പെയ്‌നിന് വേണ്ടി ജേഴ്‌സിയണിഞ്ഞിട്ടുള്ള പ്ലെയറാണ് വാസ്‌ക്വെസ്. ഏഴ് കളികളില്‍ നിന്നായി അഞ്ചു ഗോളുകളാണ് വാസ്‌ക്വെസ് ആ ലോകകപ്പില്‍ നേടിയത്. ടൂര്‍ണമെന്റില്‍ സ്‌പെയ്ന്‍ സെമി കാണാതെ പുറത്തായി. ബ്രസീലാണ് ജേതാക്കളായത്. സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ബ്രസീലിയന്‍ താരം ഹെന്റിക്വെ, ഫ്രഞ്ച് ഫോര്‍വേഡ് അലക്‌സാന്‍ഡ്രെ ലകാസെറ്റെ എന്നിവര്‍ക്കൊപ്പം വാസ്‌ക്വെസ് ടോപ് സ്‌കോറര്‍ പദവി പങ്കിട്ടു. സ്‌പെയ്ന്‍ ജേതാവായ 2013ലെ യുവേഫ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലും വാസ്‌ക്വെസ് ഗോള്‍ നേടിയിരുന്നു. ഹോളണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലായിരുന്നു ഇത്.

യാര്‍ഗെ പെരേര ഡയസ്

അര്‍ജന്റീനിയന്‍ താരം യോര്‍ഗെ പെരേര ഡയസിനെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് സ്‌ക്വാഡില്‍ എത്തിച്ചിരുന്നു. വരുന്ന സീസണില്‍ ടീമിന്റെ മുന്നേറ്റ നിരയെ വാസ്‌ക്വസ്-ഡയസ് സഖ്യമാണ് നയിക്കുക. ഇരുവരും എത്തുന്നതോടെ ആക്രമണ നിരയ്ക്ക് മൂര്‍ച്ചയേറുമെന്ന പ്രതീക്ഷയിലാണ് കെബിഎഫ്‌സി ആരാധകര്‍.