‘ഇല്ല, കക്ഷി രാഷ്ട്രീയം പറയില്ല’; പ്രതിപക്ഷ നേതാവിന് എംബി രാജേഷിന്റെ മറുപടി; കയ്യടിച്ച് സ്വീകരിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവനയില്‍ വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി സ്പീക്കര്‍ എംബി രാജേഷ്. കക്ഷി രാഷ്ട്രീയം പറയും എന്നല്ല പറഞ്ഞത്. മറിച്ച്, സഭയ്ക്ക് പുറത്ത് ഉയര്‍ന്നുവരുന്ന പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നും രാജേഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. രാജേഷിന്റെ മറുപടിയെ പ്രതിപക്ഷ നേതാവ് കയ്യടിച്ച് സ്വീകരിച്ചു.

‘സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന മാധ്യമങ്ങളില്‍ വന്ന പ്രസ്ഥാവനയെക്കുറിച്ച് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. അങ്ങനൊരു പ്രസ്താവന മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് കാണുമ്പോള്‍ പ്രതിപക്ഷ നേതാവിന് ഉണ്ടായിട്ടുള്ള ആശങ്ക മറ്റ് പലര്‍ക്കും ഉണ്ടായിട്ടുണ്ടാവും. യഥാര്‍ത്ഥത്തില്‍ ഞാന്‍ പറഞ്ഞത് കക്ഷി രാഷ്ട്രീയം പറയും എന്നല്ല. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കര്‍ പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍ സഭയ്ക്ക് പുറത്ത് ഉയര്‍ന്നുവരുന്ന പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയും’, എംബി രാജേഷ് പറഞ്ഞു.

ഈ ഉത്തരവാദിത്വത്തിന്റെ അന്തസും നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യവും പാലിച്ച് മാത്രമാവും അഭിപ്രായപ്രകടനങ്ങളുണ്ടാവുക എന്നും സഭയ്ക്ക് ഉറപ്പ് നല്‍കുന്നെന്നും സ്പീക്കര്‍ വ്യക്തമാക്കി.

എംബി രാജേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ സഭയിലെ ആദ്യ പ്രസംഗത്തിലാണ് വിഡി സതീശന്‍ വിമര്‍ശനമുന്നയിച്ചത്. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന എംബി രാജേഷിന്റെ പസ്താവന വേദനിപ്പിച്ചു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍നിന്നുമുണ്ടായിട്ടില്ല. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്കതിന് മറുപടി പറയേണ്ടി വരുമെന്നും വിഡി സതീശന്‍ പറഞ്ഞു. നിയമസഭയില്‍ വരുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷമായ തങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. അതുകൊണ്ട് അവ ഒഴിവാക്കണമെന്ന് അങ്ങയോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇതിനാണ് സ്പീക്കര്‍ സ്ഥാനത്തിരുന്ന് രാജേഷ് മറുപടി നല്‍കിയത്.

96 വോട്ടുകളോടെയാണ് എംബി രാജേഷിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പ്രതിപക്ഷത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു. സ്പീക്കറായി ചുമതലയേറ്റെടുക്കുന്ന എംബി രാജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു.