സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാതെ സഭയിലിരുന്നത് ചട്ടവിരുദ്ധം തന്നെ; എ രാജയ്ക്ക് 2500 രൂപ പിഴ ചുമത്തി സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത ദേവികുളം എംഎല്‍എ എ രാജ സഭയില്‍ ഹാജരായ അഞ്ച് ദിവസത്തേക്കു 2500 രൂപ പിഴ ഒടുക്കണമെന്നു സ്പീക്കറുടെ റൂളിങ്. രണ്ടാം സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അഞ്ചുദിവസം സഭയില്‍ ഇരുന്നത് ചട്ടപ്രകാരമല്ലെന്ന് കാണിച്ച് പ്രതിപക്ഷം പരാതി നല്‍കിയിരുന്നു. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മേയ് 24 മുതല്‍ ക്രമാനുസൃതമായി സത്യപ്രതിജ്ഞ നടത്തിയ ജൂണ്‍ 2-ാം തീയതി വരെ സഭാ സമ്മേളനത്തില്‍ പങ്കെടുത്തതിലാണ് പിഴ ഒടുക്കേണ്ടത്.

ഈ ദിവസങ്ങളില്‍ രാജ പങ്കെടുത്തതും സ്പീക്കര്‍ സ്ഥാനത്തേക്കുള്ള വോട്ട് രേഖപ്പെടുത്തിയതും അസാധുവാകില്ല. സത്യപ്രതിജ്ഞ ചെയ്ത സാമാജികന്‍ അല്ലാതെ സഭയില്‍ ഇരുന്നതിന് ദിവസം 500 രൂപവെച്ച് പിഴ ഈടാക്കണമെന്നും സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ രാജയുടെ വോട്ട് റദ്ദാക്കണമെന്നും പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

Also Read: ‘ഒത്തുതീര്‍പ്പ് വിവരം പോക്കറ്റിലുണ്ടെങ്കില്‍ പുറത്തുവിട്’; സതീശനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി; ‘കുഴല്‍പ്പണക്കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല’

ആദ്യ സത്യപ്രതിജ്ഞ ക്രമപ്രകാരം അല്ലാത്തതിനെ തുടര്‍ന്നാണ് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ രാജ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവിനെത്തുടര്‍ന്നായിരുന്നു ഇത്. തമിഴ് ഭാഷയിലുള്ള സത്യപ്രതിജ്ഞാ വാചകം അപൂര്‍ണമായതിനാലാണ് രാജയുടെ സത്യപ്രതിജ്ഞയില്‍ പിശക് സംഭവിച്ചതെന്നാണ് നിയമവകുപ്പിന്റെ റിപ്പോര്‍ട്ട്.