രണ്ടാം പിണറായി ക്യാബിനറ്റില്‍ തൃത്താലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംബി രാജേഷിന് നിയമസഭാ സ്പീക്കര്‍ സ്ഥാനം. പിണറായി വിജയന് ഒഴികെ ശേഷിക്കുന്നവരെല്ലാവരും മന്ത്രിസഭയില്‍ പുതുമുഖങ്ങളാണ്. സിപിഐഎം പാര്‍ലമെന്ററി പാര്‍ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദന്, കെ രാധാകൃഷ്ണന്, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്, സജി ചെറിയാന്, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര് ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുള്‍ റഹ്മാന് എന്നിവരെ നിശ്ചയിച്ചു.
സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ തീരുമാനിച്ച സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ് സ്ഥാനമാണ് കെ കെ ശൈലജയ്ക്ക് നല്‍കിയത്. ടി പി രാമകൃഷ്ണന് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയാകും. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമാണ് സംസ്ഥാന കമ്മിറ്റിക്ക് അദ്ധ്യക്ഷത വഹിച്ചത്. പി ബി അംഗങ്ങളായി എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എം എ ബേബി എന്നിവര്‍ പങ്കെടുത്തു.
കോടിയേരിയാണ് പുതുമുഖപ്പട്ടിക മുന്നോട്ടുവെച്ചത്. 88 അംഗസമിതിയില്‍ ഭൂരിഭാഗവും പട്ടികയെ പിന്തുണച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് അടക്കം ഏഴ് പേര് മാത്രമാണ് കെ കെ ശൈലജയുടെ മന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി വാദിച്ചത്. ശൈലജയ്ക്ക് മാത്രമായി ഇളവ് വേണ്ടെന്ന അഭിപ്രായമുയര്‍ന്നു.
വി ടി ബല്‍റാമില്‍ നിന്ന് തൃത്താല പിടിച്ചെടുത്ത എം ബി രാജേഷിന് മന്ത്രിസ്ഥാനമുണ്ടാകുമെന്നായിരുന്നു വിലയിരുത്തലുകള്‍. പോഷകസംഘടനകളിലെ രാഷ്ട്രീയ പ്രവര്‍ത്തന അടിത്തറയും എംപി എന്ന നിലയിലെ അനുഭവ പരിചയവും മുതല്‍ക്കൂട്ടാകുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. പുതുമുഖപ്പട്ടികയില് ഇടം നേടിയ ആര് ബിന്ദു, മുഹമ്മദ് റിയാസ് എന്നിവര്‍ ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്ററി സ്ഥാനം വഹിക്കുന്നത്.