‘പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കും’; ആര്യന്‍ ഖാന് ജാമ്യമില്ല, ഇനി ഹൈക്കോടതിയിലേക്ക്?

മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി മുംബൈ സ്‌പെഷ്യല്‍ എന്‍.ഡി.പി.എസ് കോടതി. പുറത്തിറങ്ങുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്യന്റെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. ഇത് നാലാം തവണയാണ് ആര്യന് ജാമ്യം നിഷേധിക്കുന്നത്. ഒക്ടോബര്‍ എട്ടാം തിയതി മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഖാന്‍.

മനുഷ്യാവകാശ പ്രശ്‌നങ്ങളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ആര്യന്‍ ഖാന്റെ അഭിഭാഷകരായ സതീഷ് മനേഷിണ്ഡേയും അമിത് ദേശായിയും കോടതിയില്‍ വാദിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡി അവസാനിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് രണ്ടുദിവസം നീണ്ടുനിന്ന വാദത്തിനിടെ ഇവര്‍ നിരന്തരം ആവശ്യപ്പെട്ടു. എന്നാല്‍ ലഹരി മരുന്ന് വിതരണം ചെയ്യുന്ന വിദേശ ബന്ധങ്ങള്‍ ആര്യനുണ്ടെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങള്‍ ആര്യന്റെ വാട്‌സാപ്പ് സന്ദേശങ്ങളില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും എന്‍.സി.ബി കോടതിയെ അറിയിച്ചു.

എന്‍.സി.ബി.യുടെ വാദങ്ങളെ മുഖവിലയ്‌ക്കെടുത്ത കോടതി ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തി. ജാമ്യം നിഷേധിച്ച പശ്ചാത്തലത്തില്‍ ആര്യന്റെ അഭിഭാഷകര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചേക്കും.

ഒക്ടോബര്‍ രണ്ടിനായിരുന്നു ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ചന്റ്, മോഡല്‍ മുന്‍മുന്‍ ധമേചല എന്നിവരടക്കം എട്ടുപേരെ ആഢംബര കപ്പലിലെ പാര്‍ട്ടിക്കിടെ നടത്തിയ റെയ്ഡിനിടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഒക്ടോബര്‍ മൂന്നിന് ഇവരെ കോടതി എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ആര്യന്‍ ഖാനെതിരായ കേസ് മഹാരാഷ്ട്രയില്‍ വിവിധ രാഷ്ട്രീയ ചര്‍ച്ചകളിലേക്കും വഴിവെച്ചിരിക്കുകയാണ്. കേന്ദ്രത്തില്‍നിന്നും ചില വ്യക്തികളെ ഉന്നംവെച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചശേഷമാണ് എന്‍.സി.ബിയുടെ നീക്കങ്ങളെന്ന് മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍, ബോളിവുഡിലെ ലഹരി മാഫിയയുമായി സര്‍ക്കാരിന് ചില അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.