കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് മരിച്ചു; ട്രക്ക് എത്തിയത് അമിത വേഗതയില്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്കിടിച്ച് മരിച്ചു. ഹരിയാനയിലെ ബഹദൂര്‍ഘട്ടില്‍ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ കര്‍ഷകരുടെ പ്രക്ഷോഭം നടക്കുന്നതിന് സമീപമായിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയ ട്രക്ക് വനിതാ കര്‍ഷകരെ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷക്കായി കാത്ത് നില്‍ക്കുകയായിരുന്നു സ്ത്രീകള്‍.

രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിന് ശേഷം ട്രക്കിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടം നടന്ന തിക്രി അതിര്‍ത്തിയില്‍ കഴിഞ്ഞ 11 മാസമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. പുതുതായി നടപ്പിലാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്.