‘രാജെയെന്നാല്‍ ബിജെപി, ബിജെപിയെന്നാല്‍ രാജെ’; രാജസ്ഥാനില്‍ ബിജെപി ഉള്‍പ്പോര് തെരുവിലേക്ക്

അജ്മീര്‍: രാജസ്ഥാന്‍ ഭരിക്കുന്ന കോണ്‍ഗ്രസില്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുമ്പോഴും അതിനെ മുതലെടുക്കാന്‍ കഴിയാതെ ഇരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. തങ്ങളുടെ സംഘടനയിലെ ഉള്‍പ്പോര് മൂര്‍ച്ഛിക്കുന്നതാണ് അവരെ തടയുന്ന ഘടകം.

മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായികളും സംസ്ഥാന നേതൃത്വവും തമ്മിലുള്ള തര്‍ക്കമാണ് സംസ്ഥാനത്തെ ബിജെപിയില്‍ ഇപ്പോള്‍ നടക്കുന്നത്. പോസ്റ്റര്‍ പോരില്‍ നിന്ന് അത് നേരിട്ടുള്ള വാക്‌പോരിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോള്‍.

‘രാജയെന്നാല്‍ ബിജെപി, ബിജെപിയെന്നാല്‍ ബിജെപി’ എന്ന് പരസ്യമായി തെരുവിലും പാര്‍ട്ടി വേദികളിലും വസുന്ധര രാജെയുടെ അനുയായികള്‍ വിളിച്ചു തുടങ്ങി. എന്നാല്‍ ഇക്കാര്യത്തോട് ഇനിയും മൗനം പാലിക്കേണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയും പ്രതിപക്ഷ നേതാവും ഗുലാബ് ചന്ദ് കത്താറിയയും പാര്‍ട്ടിയേക്കാള്‍ വലുതല്ല ആരുമെന്ന് വെള്ളിയാഴ്ച വ്യക്തമാക്കി. പകലും രാത്രിയും പണിയെടുക്കുന്ന പ്രവര്‍ത്തകരുടെ പാര്‍ട്ടി ഭരണഘടനയാണ് വലുത്. പാര്‍ട്ടിയേക്കാള്‍ വലുതല്ല ആരുമെന്ന് അവര്‍ പറഞ്ഞു.

നേരത്തെ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ വിമത നീക്കം നടന്നപ്പോഴും നിലവിലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വലിയ ആത്മവിശ്വാസത്തിലായിരുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ വസുന്ധര രാജെ സമ്മതിക്കില്ല എന്നതായിരുന്നു അതിന്റെ കാരണം.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരുകള്‍ മാറി വരുന്ന രാജസ്ഥാനില്‍ അടുത്ത തവണ ബിജെപി വിജയിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയാവുക എന്നതാണ് വസുന്ധര രാജെയുടെ ആഗ്രഹം. എന്നാല്‍ ഏകപക്ഷീയമായി അക്കാര്യം നടക്കില്ലെന്ന് സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവും വെള്ളിയാഴ്ച സൂചന നല്‍കി.

ആരൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും മുഖ്യമന്ത്രിയാവണമെന്നും പാര്‍ട്ടി ദേശീയ നേതൃത്വമാണ് തീരുമാനിക്കുക എന്നാണ് ഇരുവരുടെയും പ്രതികരണം. നിയമസഭ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ബിജെപിയില്‍ എന്തെല്ലാം നടക്കുമെന്ന് ഇപ്പോള്‍ പറയുവാനാകില്ല.