സ്പുട്‌നിക് ലൈറ്റിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി; എകെ 47 പോലെ വിശ്വസിക്കാമെന്ന് പുടിന്‍

റഷ്യ വികസിപ്പിച്ചെടുത്ത ഒറ്റ ഡോസ് വാക്‌സിന്‍ സ്പുട്‌നിക് ലൈറ്റിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. റഷ്യയില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ ഭരണകൂടം കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണിത്. വാക്‌സിന്‍ ഇന്‍ജെക്ട് ചെയ്ത് 28 ദിവസത്തിന് ശേഷം ശേഖരിച്ച വിവരങ്ങള്‍ പ്രകാരം 79.4 ശതമാനം ഫലക്ഷമത പ്രകടിപ്പിച്ചെന്ന് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചു.

സ്പുട്‌നിക് കുടുംബത്തിലെ പുതിയ അംഗം വിപ്ലവകരമായ ഒറ്റ ഷോട്ട് വാക്‌സിനാണ്. 80 ശതമാനമാണ് ഫലക്ഷമത. പല രണ്ട് ഷോട്ട് വാക്‌സിനുകളേക്കാള്‍ കൂടുതലാണിത്. സ്പുട്‌നിക് ലൈറ്റ് വാക്‌സിനേഷന്‍ നിരക്ക് ഇരട്ടിയാക്കും. രോഗവ്യാപനം തടയാന്‍ സഹായിക്കും.

സ്പുട്‌നിക് നിര്‍മ്മാതാക്കള്‍

വലിയ ജനസഞ്ചയങ്ങള്‍ക്കിടയില്‍ പെട്ടെന്ന് പ്രതിരോധശേഷി നല്‍കാനും വ്യാപനം കുറക്കാനും സ്പുട്‌നിക് ലൈറ്റ് സഹായിക്കുമെന്ന് ഗമാലെയ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ വിഭാഗം ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി നല്‍കുകയെന്ന വെല്ലുവിളി പരിഹരിക്കപ്പെടും. രോഗവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഹേഡ് ഇമ്മ്യൂണിറ്റി കരസ്ഥമാക്കല്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സിഇഒ കിറില്‍ ഡിമിത്രേവ് ചൂണ്ടിക്കാട്ടി.

സ്പുട്‌നിക് വാക്‌സിനുകളെ പ്രസിദ്ധ റഷ്യന്‍ തോക്കായ എ കെ 47നോടാണ് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉപമിച്ചത്. കലാഷ്‌നിക്കോവ് റൈഫിള്‍ പോലെ സ്പുട്‌നിക് വാക്‌സിനുകളെ വിശ്വസിക്കാമെന്ന് പുടിന്‍ പറഞ്ഞു. ഉപ പ്രധാനമന്ത്രി താത്യാന ഗോലിക്കോവയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെയാണ് പുടിന്റെ പരാമര്‍ശം. സ്പുട്‌നിക് വാക്‌സിന്‍ സോവിയറ്റ് കാലത്തെ തോക്ക് പോലെയാണെന്ന ഓസ്ട്രിയന്‍ ഡോക്ടറുടെ പ്രസ്താവനയാണ് പുടിന്‍ ആവര്‍ത്തിച്ചത്.