മഠത്തില്‍ തുടരരുതെന്ന് സിസ്റ്റര്‍ ലൂസിയോട് ഹൈക്കോടതി, അവിടെത്തന്നെ താമസിക്കുമെന്ന് സിസ്റ്റര്‍, സ്വന്തം ഭാഗം സ്വയം വാദിച്ച് മറുപടി

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയോട് മഠത്തില്‍ തുടരരുതെന്ന് കേരള ഹൈക്കോടതി. മഠത്തില്‍ സുരക്ഷ നല്‍കാന്‍ പൊലീസിന് സാധിക്കില്ല. പുറത്തെവിടെയെങ്കിലും താമസിച്ച് സിവില്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മഠത്തിന് പുറത്ത് സുരക്ഷ ഉറപ്പാക്കാമെന്നും കോടതി അറിയിച്ചു.

എന്നാല്‍, മഠത്തില്‍ത്തന്നെ തുടരാന്‍ അനുവദിക്കണമെന്നും മഠത്തില്‍നിന്നും പുറത്തായാല്‍ പോകാന്‍ തനിക്ക് ഇടമില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കോടതിയെ അറിയിച്ചു. അഭിഭാഷകന്‍ പിന്മാറിയതിനെത്തുടര്‍ന്ന് സിസ്റ്റര്‍ തന്നെയായിരുന്നു സ്വന്തം വക്കാലത്ത് ഏറ്റെടുത്ത് വാദിച്ചത്. മഠത്തില്‍നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നല്‍കിയുള്ള കീഴ്‌ക്കോടതി വിധി പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റര്‍ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

സിസ്റ്റര്‍ ലൂസി കളപ്പുര എവിടെ താമസിക്കുന്നോ അവിടെ സംരക്ഷണം നല്‍കാമെന്നാണ് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Also Read: നൂറ് കിലോമീറ്റര്‍, നൂറ് സൈക്കിള്‍; ഇന്ധന വിലവര്‍ധനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് റാലി

തനിക്ക് പോകാന്‍ ഇടമില്ലെന്ന സിസ്റ്ററുടെ വാദത്തെ എതിര്‍ത്ത് സഭയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ രംഗത്തെത്തി. സിസ്റ്റര്‍ ലൂസി നേരത്തെയും പലതവണ മഠം വിട്ട് പുറത്തുപോയിട്ടുണ്ടെന്നും പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. കേസ് അന്തിമ വിധി പറയാന്‍ മാറ്റി വെച്ചു.