‘അസഭ്യമോ അശ്ലീലമോ സ്ത്രീ വിരുദ്ധതയോ ഇല്ല’; റേപ്പ് ജോക്ക് പരാമര്‍ശത്തെ ന്യായീകരിച്ച് ശ്രീജിത്ത് പണിക്കര്‍

ആലപ്പുഴയില്‍ അത്യാസന്ന നിലയിലായിരുന്ന കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോയതിനേക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് ശ്രീജിത്ത് പണിക്കര്‍. തന്നെ മാധ്യമങ്ങള്‍ വിലക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഇരട്ടത്താപ്പുകാരാണെന്ന് ആരോപിച്ച് ശ്രീജിത്ത് രംഗത്തെത്തി. കവി സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കിയപ്പോള്‍ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും ഫാഷിസമെന്നും പറയുന്ന പുരോഗമനക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിന് തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ വിലക്കാന്‍ ശ്രമിക്കുകയാണെന്ന് ശ്രീജിത്ത് പറഞ്ഞു.

പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന വസ്തുതകള്‍ മാത്രം. അസഭ്യമോ, അശ്ലീലമോ, സ്ത്രീവിരുദ്ധതയോ ഇല്ല. കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘനമില്ല.

ശ്രീജിത്ത് പണിക്കര്‍

ഫാഷിസം, സ്റ്റാലിനിസം, ഗീബല്‍സ്, ഡെമോക്രസി എന്നീ ടാഗുകളും നടന്‍ വിജയരാഘവന്റെ കഥാപാത്രത്തിന്റെ ട്രോള്‍ മീമും ശ്രീജിത്ത് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ശ്രീജിത്ത് പണിക്കരുടെ പ്രതികരണം

“കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാം; സംസ്ഥാന സര്‍ക്കാരിനെ പാടില്ല?

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച കവിയ്ക്ക് താല്‍ക്കാലിക സമൂഹമാധ്യമ വിലക്ക്. വിലക്ക് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും നടപടി ഫാഷിസമെന്നും ചില പുരോഗമന പക്ഷക്കാര്‍. പോസ്റ്റ് ചെയ്തത് ഫേക്ക് വിഡിയോ ആണെന്നും വാര്‍ത്തകള്‍. കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചുവെന്ന് ഫേസ്ബുക്ക്.

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച എനിക്ക് മാധ്യമവിലക്ക് വേണമെന്ന് ഇതേ ‘പുരോഗമന’ പക്ഷക്കാര്‍. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണ്ടെന്നും ഇക്കൂട്ടര്‍. പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന വസ്തുതകള്‍ മാത്രം. അസഭ്യമോ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ല. കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘനമില്ല.”

Also Read: കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചതിന് റേപ് ജോക്ക്; ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പരാതി നല്‍കി രേഖ

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പ്രതികരണത്തിനെതിരെ ആലപ്പുഴ പുന്നപ്രയിലെ സന്നദ്ധ പ്രവര്‍ത്തക രേഖ പി മോള്‍ പൊലീസില്‍ പരാതി നല്‍കി. സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നോട്ടുവരുന്ന സ്ത്രീകളെ ആകമാനം അപമാനിക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരില്‍ നിന്നുണ്ടായതെന്ന് രേഖ പറഞ്ഞു. കേരളത്തെ ഇന്ന് താങ്ങിനിര്‍ത്തുന്ന സന്നദ്ധ പ്രവര്‍ത്തരുടെ മനോവീര്യം തകര്‍ക്കുന്ന പ്രതികരണമായതിനാലാണ് പോസ്റ്റിനെതിരെ പരാതി നല്‍കുന്നതെന്നും രേഖ ചൂണ്ടിക്കാട്ടി.

ശ്രീജിത്ത് പണിക്കര്‍ നടത്തിയ വിവാദപരാമര്‍ശം

“ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക. വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം.ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും’, എന്ന തരത്തിലുള്ള പരിഹാസ്യമായ പോസ്റ്റ് ആണ് ശ്രീജിത്ത് പണിക്കര്‍ പങ്കുവെച്ചിരുന്നത്.”