ശ്രീനാഥ് ഭാസിക്കെതിരായ വകുപ്പുകള്‍ ഇങ്ങനെ; അറസ്റ്റ് ചെയ്ത് പൊലീസ്, ജാമ്യം

കൊച്ചി: അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍ (ഐ.പി.സു 509), ലൈംഗിക ചുവയോടെ സംസാരിക്കല്‍ (ഐ.പി.സി 354 എ), പൊതുസ്ഥലത്ത് അസഭ്യം പറയുക (ഐ.പി.സി 294 ബി) എന്നിങ്ങനെ മൂന്ന് കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കൊച്ചി മരട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്ന് രാവിലെ ഹജരാകണമെന്നാണ് പൊലീസ് നടനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സമയം അനുവദിക്കണമെന്ന് നടന്‍ അഭ്യര്‍ത്ഥിച്ചു. പിന്നാലെ, ഉച്ചയ്ക്ക് ശേഷം അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പമെത്തി പൊലീസിന് മുന്നില്‍ ഹാജരാവുകയായിരുന്നു. ശ്രീനാഥ് ഭാസിയെ മരട് പൊലീസ് ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസമാണ് നടനെതിരെ ഓണ്‍ലൈന്‍ ചാനലിലെ അവതാരക പൊലീസില്‍ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നും അധിക്ഷേപിച്ചെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. ചട്ടമ്പി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം. പൊലീസിന് പുറമെ, വനിതാ കമ്മീഷനിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അവതാരക പരാതി നല്‍കിയിട്ടുണ്ട്.

താന്‍ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയിട്ടില്ല എന്നായിരുന്നു സംഭവം ചര്‍ച്ചയായതിന് പിന്നാലെ ശ്രീനാഥ് ഭാസിയുടെ ഭാഷ്യം. എന്നാല്‍, തന്റെ ഭാഗത്തുനിന്നുണ്ടായ മോശം പ്രതികരണത്തില്‍ അദ്ദേഹം പിന്നീട് മാപ്പുപറയുകയും ചെയ്തിരുന്നു. ഒരിക്കലും മറ്റൊരാളുടെ ജോലിയെ താഴ്ത്തിക്കെട്ടി താന്‍ സംസാരിക്കില്ലെന്നും അസഭ്യവാക്കുകള്‍ ഉപയോഗിച്ചതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി പറഞ്ഞു.