മമ്മൂട്ടിയുടെ സേതുരാമയ്യരോട് മത്സരിക്കുവാന്‍ ശ്രീശാന്തിന്റെ സിബിഐ ഓഫീസറും വന്നേക്കും; പുതിയ ചിത്രം ഒരുങ്ങുന്നു

ബോളിവുഡ് ചിത്രത്തില്‍ സിബിഐ ഓഫീസറുടെ വേഷത്തില്‍ ശ്രീശാന്തെത്തുന്നു. ശ്രീശാന്ത് നായകനാവുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ആര്‍ രാധാകൃഷ്ണനാണ്. എന്‍എന്‍ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എക്‌സ്പിരിമെന്റല്‍ പൊളിറ്റിക്കല്‍ ത്രില്ലറായ പട്ടായില്‍ ആക്ഷനും സംഗീതത്തിനും നല്ല പ്രധാന്യമുണ്ട്. ശ്രീശാന്തിനോടൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അഭിനയിച്ച് കാണിച്ച രീതി തനിക്ക് ഇഷ്ടപ്പെട്ടു. കഥാപാത്രത്തെ നല്ല രീതിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്നും സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രകാശ്കുട്ടിയാണ് ഛായാഗ്രഹണം. സുരേഷ് പീറ്റേഴ്‌സാണ് സംഗീതം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം.

കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ മമ്മൂട്ടി സിബിഐ ഓഫീസറായെത്തുന്ന കെ മധു സിബിഐ പരമ്പര ചിത്രം ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടിയുടെ സേതുരാമയ്യരും ശ്രീശാന്തിന്റെ ഓഫീസറും സമാന സമയത്ത് തിയ്യേറ്ററുകളിലെത്താനാണ് സാധ്യത.