ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധി: സാമൂഹിക മാധ്യമങ്ങള്‍ വിലക്കി സര്‍ക്കാര്‍, 36 മണിക്കൂര്‍ കര്‍ഫ്യൂ

അടിയന്തരാവസ്ഥയ്ക്കും കര്‍ഫ്യൂവിനും പിന്നാലെ ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം തുടങ്ങി പന്ത്രണ്ടോളം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് ശക്തമായ പ്രക്ഷോഭങ്ങളെ ചെറുക്കാനാണ് നീക്കം.

ഇന്റര്‍നെറ്റ് മോണിറ്ററിങ് ഓര്‍ഗനൈസേഷനായ നെറ്റ്‌ബ്ലോക്‌സ് ആണ് സോഷ്യല്‍ മീഡിയാ വിലക്കിനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കാനാണ് വിലക്കെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ഗുരുതരമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സര്‍ക്കാര്‍ വിരുദ്ധ റാലി സംഘടിപ്പിക്കാനിരിക്കെ, ശനിയാഴ്ച സര്‍ക്കാര്‍ 36 മണിക്കൂര്‍ കര്‍ഫ്യൂവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച രാവിലെ ആറുമുതല്‍ തിങ്കളാഴ്ചജ വൈകീട്ട് ആറുമണിവരെ 36 മണിക്കൂറാണ് കര്‍ഫ്യൂ.

ലങ്കന്‍ തലസ്ഥാനമായ കൊളമ്പോയില്‍ വന്‍ തോതിലുള്ള പ്രതിഷേധം തുടരുകയാണ്. പ്രസിഡന്റ് ഗോതാബയ രജപക്‌സെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീടിന് മുമ്പില്‍ പ്രക്ഷോഭക്കാര്‍ നടത്തുന്ന പ്രതിഷേധം പലകുറി അക്രമാസക്തമായി. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

1948-ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവശ്യസാധനങ്ങളുടെ ക്ഷാമവും കുത്തനെയുണ്ടായ വിലക്കയറ്റവും ഇന്ധനക്ഷാമവും വൈദ്യുതിയില്ലായ്മയിമെല്ലാം അടിമുടി പിടിച്ചുലതോടെയാണ് ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.