ഓരോ വാക്കും പാലിച്ച് സ്റ്റാലിന്‍; തൂത്തുക്കുടി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നിയമനം നല്‍കി

മധുര: തൂത്തുക്കുടി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നിയമനം നല്‍കി തമിഴ്‌നാട്ടില്‍ പുതുതായി അധികാരത്തിലേറിയ സ്റ്റാലിന്‍ സര്‍ക്കാര്‍. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെയും ഗുരുതര പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്കാണ് നിയമനം.

മധുരയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍ നിയമന ഉത്തരവുകള്‍ ബന്ധപ്പെട്ടവര്‍ക്ക് നേരിട്ട് കൈമാറി. ആളുകളുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ചാണ് ജോലി.

16 പേരെ ജൂനിയര്‍ അസിസ്റ്ററ്റായും ഒരാളെ ഡ്രൈവറായുമാണ് നിയമിച്ചിരിക്കുന്നത്. തൂത്തുക്കുടി ജില്ലയില്‍ റെവന്യൂ, ഗ്രാമീണ വികസന വകുപ്പുകളിലാണ് ഇവരെത്തുക.

പിടിആര്‍ ത്യാഗരാജന്‍, മൂര്‍ത്തി, കെആര്‍ പെരിയകറുപ്പന്‍ എന്നീ മന്ത്രിമാരും എംപിമാരായ കനിമൊഴി, എസ് വെങ്കിടേശനും സ്റ്റാലിനോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

2018ലാണ് തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നാട്ടുകാര്‍ സമരം ചെയ്തത്. സമരം തുടരവെ, പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് പ്ലാന്റ് അടച്ചുപൂട്ടുകയായിരുന്നു. 2018 മെയ് 22, 23 തിയതികളിലായിരുന്നു വെടിവെപ്പ്.

സ്റ്റാലിന്റെ നിര്‍ദ്ദേശ പ്രകാരം സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരുടെയും വെടിവെപ്പിലും പൊലീസ് അതിക്രമത്തിലും പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും പൊലീസ് വെടിവെപ്പിന് ദൃക്‌സാക്ഷികളായ മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും വിശദ വിവരങ്ങള്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കഴിഞ്ഞ ദിവസം ഇടക്കാല റിപ്പോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമങ്ങള്‍ നല്‍കിയത്. മദ്രാസ് ഹൈക്കോടതിയില്‍നിന്നും വിരമിച്ച ജഡ്ജി അരുണ ജഗദീശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനോടൊപ്പം ഇവര്‍ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന ചെയ്യുകയും ചെയ്തു.