‘ഇനിയൊരു രോഹിത് വെമുലയുണ്ടാകാന്‍ അനുവദിക്കരുത്’; മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് ദീപ പി മോഹനന് പിന്തുണ തേടി പാ രഞ്ജിത്

കോട്ടയം എംജി സര്‍വ്വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹനന്റെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ പാ രഞ്ജിത്. സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുന്ന ദളിത് വിദ്യാര്‍ത്ഥിനി ഒക്ടോബര്‍ 29 മുതല്‍ നിരാഹാരം അനുഷ്ഠിക്കുകയാണെന്ന് പാ രഞ്ജിത് ചൂണ്ടിക്കാട്ടി. സര്‍വ്വകലാശാലയിലെ ജാതീയത കാരണം 2015ല്‍ സമര്‍പ്പിക്കേണ്ട പ്രബന്ധം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പാ രഞ്ജിത് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് പാ രഞ്ജിത്തിന്റെ ട്വിറ്റര്‍ പ്രതികരണം.

അക്കാദമിക് ഇടങ്ങളിലെ ജാതിവെറിയന്‍മാര്‍ കാരണം ഇനിയൊരു രോഹിത് വെമുലയോ പായല്‍ തഡ്‌വിയോ കൊല്ലപ്പെടാന്‍ നമ്മള്‍ അനുവദിക്കരുത്.

പാ രഞ്ജിത്

അതിന് വേണ്ടി നമ്മളെല്ലാവരും ശബ്ദമുയര്‍ത്തണമെന്നും ദീപ പി മോഹനന് നീതി കിട്ടും വരെ ഒപ്പം നില്‍ക്കണമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പുരോഗമന കൂട്ടായ്മയായ നീലം കള്‍ച്ചറല്‍ സെന്ററിന്റെ ഹാഷ്ടാഗ് ക്യാംപെയ്ന്‍ പോസ്റ്ററും പാ രഞ്ജിത് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ദീപ പി മോഹനന്റെ പരാതി ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് ചേര്‍ന്നിരുന്നു. ഗവേഷകയുള്‍പ്പെടെ നാല് പേരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ജാതി അധിക്ഷേപം നടത്തിയ നന്ദകുമാര്‍ കളരിക്കലിനെതിരെ കര്‍ശന നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ദീപ. പ്രതിപക്ഷം ദീപയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടുകൂടി സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിട്ടുണ്ട്.

ഗവേഷകയെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നാണ് നന്ദകുമാര്‍ കളരിക്കലിന്റെ വാദം. ഇപ്പോള്‍ നടക്കുന്ന സമരം നാനോ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിനെതിരായ ഗൂഢാലോചനയാണെന്ന് നന്ദകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. താന്‍ സിപിഐഎം അനുഭാവിയാണെങ്കിലും നേതാക്കള്‍ തനിക്ക് വേണ്ടി ഇടപെട്ടതായി അറിയില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്ള അവകാശം പോലെ അധ്യാപകര്‍ക്കും അവകാശങ്ങളുണ്ട്. താന്‍ പിന്നോക്ക സമുദായമായ കളരി പണിക്കര്‍ വിഭാഗത്തില്‍ പെട്ടയാളാണ്. ഗവേഷകയുടെ ആരോപണങ്ങള്‍ അസംബന്ധമാണ്. ഗവേഷണകേന്ദ്രത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയ നടപടിക്കെതിരെ കോടതിയെ സമീപിക്കും. ഹൈക്കോടതി തെറ്റാണെന്ന് കണ്ടെത്തിയ ആരോപണങ്ങളുടെ പേരിലാണ് സിന്‍ഡിക്കേറ്റ് തനിക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്നും നന്ദകുമാര്‍ കളരിക്കല്‍ ആരോപിച്ചു.

Also Read: ദീപ പി മോഹനന്റെ സമരത്തില്‍ നടപടി; നന്ദകുമാര്‍ കളരിക്കലിനെ നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കി

എം ജി സര്‍വകലാശാല അധികൃതര്‍ പുലര്‍ത്തുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാനോ സയന്‍സ് ഗവേഷക ദീപ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരം 11 ദിവസം പിന്നിടുകയാണ്. ഹൈക്കോടതി വിധിയുണ്ടായിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ നടപടിയില്ലെന്ന് ദീപ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി പഠനാവസരങ്ങള്‍ നിഷേധിച്ചും വ്യക്തിപരവും ജാതീയവുമായി അവഹേളിച്ചും സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചും തന്നെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ദീപയുടെ പരാതി. ദീപയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി വന്നിട്ടും പട്ടിക വര്‍ഗ്ഗ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടുംസര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല. നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലാണ് വിവേചനമെന്ന് ദീപ പറയുന്നു.

2011-12ലാണ് ദീപ എംജിയു ഇന്റര്‍നാഷണല്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സില്‍ എം ഫില്‍ പ്രവേശനം നേടിയത്. തനിക്കൊപ്പം അഡ്മിഷനെടുത്ത രണ്ട് ദളിത് വിദ്യാര്‍ത്ഥികള്‍ ജാതി വിവേചനം കാരണം കോഴ്‌സ് ഉപേക്ഷിച്ചെന്ന് ദീപ പറയുന്നു. പ്രൊജക്ട് ചെയ്യാന്‍ അനുവദിക്കാതെയും ടി സി തടഞ്ഞുവെച്ചും നന്ദകുമാര്‍ കളരിക്കല്‍ പഠനം തടസപ്പെടുത്തി. ദീപയ്ക്ക് പിഎച്ച്ഡി പ്രവേശനം നല്‍കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അര്‍ഹതയുള്ളതുകൊണ്ട് തടയാനായില്ല. 2012ല്‍ പൂര്‍ത്തിയാക്കിയ എം ഫില്‍ സര്‍ട്ടിഫിക്കറ്റ് 2015ലാണ് ദീപയ്ക്ക് ലഭിക്കുന്നത്. സ്വന്തം ഗവേഷണ ഫലങ്ങള്‍ ദീപ മോഷ്ടിച്ചതാണെന്ന് ആരോപണമുയര്‍ന്നു. മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരില്‍ ദീപയുടെ പഠനം പ്രസിദ്ധീകരിക്കപ്പെട്ടു. 2015ല്‍ ദീപ നല്‍കിയ പരാതിയേത്തുടര്‍ന്ന് സര്‍വ്വകലാശാല രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടങ്ങുന്ന സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ദീപയുടെ പരാതികളില്‍ പലതും ശരിവെയ്ക്കുന്നതായിരുന്നു ഡോ. എന്‍ ജയകുമാര്‍, ഇന്ദു കെ എസ് എന്നിവരുടെ കണ്ടെത്തലുകള്‍. 2018ലും 2019ലും ദീപയ്ക്ക് അനുകൂലമായ കോടതിവിധിയുണ്ടായെങ്കിലും സര്‍വ്വകലാശാല അവ അവഗണിച്ചു. ആരോപണവിധേയനായ നന്ദകുമാര്‍ കളരിക്കലിനെ ഹൈക്കോടതി വിളിപ്പിച്ച് ശാസിച്ചെങ്കിലും സംരക്ഷിക്കുന്ന നിലപാടാണ് സര്‍വ്വകലാശാല സ്വീകരിച്ചത്.

നിരാഹാര സമരത്തിനിടെ നവംബര്‍ രണ്ടിന് സര്‍വ്വകലാശാല അധികൃതരുമായി ദീപ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. നന്ദകുമാര്‍ കളരിക്കലിനെ റിസേര്‍ച്ച് സെന്ററില്‍ നിന്ന് മാറ്റണമെന്ന ദീപയുടെ ആവശ്യം വൈസ് ചാന്‍സലര്‍ തള്ളി. നന്ദകുമാറിനെ ഐഐയുസിഎന്‍എന്നില്‍ നിലനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന എം ജി വി സി സാബു തോമസിന്റെ വാദം കള്ളമാണെന്ന് ദീപ ചൂണ്ടിക്കാട്ടുന്നു. നിയമപരമായി നീങ്ങിയതോടെ ഡയറക്ടര്‍ കൂടുതല്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്നും നന്ദകുമാറിന്റെ കീഴില്‍ തനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും ദീപ പി മോഹനന്‍ പറയുന്നു.