കൊടകര കുഴല്‍പണക്കേസ്: പ്രാഥമികാന്വേഷണം തുടങ്ങിയെന്ന് ഇ ഡി; ബുധനാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് വേണമെന്ന് ഹൈക്കോടതി

കൊച്ചി: കൊടകര കുഴല്‍പണ കേസില്‍ പ്രാഥമികാന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയിലാണ് കേന്ദ്ര ഏജന്‍സിയുടെ പ്രതികരണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ബുധനാഴ്ച്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കുഴല്‍പ്പണക്കേസില്‍ ഇ ഡി അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദള്‍ ദേശീയ അദ്ധ്യക്ഷന്‍ സലീം മടവൂര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയേത്തുടര്‍ന്നാണ് ഇ ഡിയുടെ വിശദീകരണം.

പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസില്‍ നിന്ന് രേഖകള്‍ ശേഖരിച്ച് പരിശോധിച്ചുവരികയാണ്.

ഇ ഡി

നേരിട്ട് പരാതി ലഭിച്ചെങ്കിലും ആദായ നികുതി വകുപ്പിന്റെ പരിധിയില്‍ വരുന്ന കേസാണിതെന്ന് പറഞ്ഞ് ഒഴിയാനാണ് ഇ ഡി ആദ്യം ശ്രമിച്ചത്. ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതിന് ശേഷമാണ് കേന്ദ്ര ഏജന്‍സി നടപടികളിലേക്ക് കടന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ എത്തിച്ച കള്ളപ്പണമാണ് പൊലീസ് പിടികൂടിയതെന്ന് ആരോപണമുയര്‍ന്നിട്ടും ഇ ഡി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് സലിം മടവൂര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഡയറക്ടര്‍ക്കും ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിട്ട് നടപടിയുണ്ടായില്ല. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ ഇ ഡി പ്രതികളെ സഹായിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സലിം മടവൂരിന്റെ ഹര്‍ജിയില്‍ 10 ദിവസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. നാല് തവണ ഹൈക്കോടതിയില്‍ സാവകാശം തേടിയ ശേഷമാണ് പ്രാഥമികാന്വേഷണം നടത്താനുള്ള ഇ ഡിയുടെ നീക്കം.

നിയമസഭാ വോട്ടെടുപ്പിന് മൂന്ന് ദിവസം മുന്‍പ് ഏപ്രില്‍ മൂന്നാം തീയതി പുലര്‍ച്ചെയാണ് കൊടകര മേല്‍പാലത്തിന് സമീപം കാര്‍ തടഞ്ഞ് മൂന്നരക്കോടി രൂപ കവര്‍ന്നത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് അരകിലോമീറ്റര്‍ മാത്രം അകലെയായിരുന്നു സംഭവം. ഏപ്രില്‍ ഏഴിന് ഡ്രൈവര്‍ ഷംജീര്‍ പരാതിയുമായി സ്റ്റേഷനിലെത്തി. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍ ആദ്യത്തെ പരാതിയില്‍ പറഞ്ഞത്. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടായി കടത്തിക്കൊണ്ടു വരികയായിരുന്ന മൂന്നരക്കോടി രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കവര്‍ച്ച ചെയ്യപ്പെട്ട തുകയില്‍ ഒരു കോടി 47 ലക്ഷം രൂപയാണ് അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായത്. കേസില്‍ ഇതുവരെ 22 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്.

കവര്‍ച്ച ചെയ്യപ്പെട്ടതില്‍ കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധര്‍മ്മരാജന്‍, യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക് എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജികള്‍ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അലിഷാ മാത്യു തള്ളി. ‘കറന്‍സി നശിക്കില്ല, കേസ് തീരുവോളം ഇരിക്കട്ടെ’ എന്ന് കോടതി പ്രതികരിച്ചു. പണത്തിന്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ജൂണ്‍ 23 മുതല്‍ സമയം അനുവദിച്ചെങ്കിലും ഹര്‍ജിക്കാര്‍ക്ക് അതിന് കഴിഞ്ഞിരുന്നില്ല. പണത്തോടൊപ്പം തട്ടിയെടുത്ത കാര്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധര്‍മ്മരാജന്റെ ഡ്രൈവര്‍ ഷംജീര്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് സുനില്‍ നായിക്, ധര്‍മ്മരാജന്‍ എന്നിവരുമായി അടുത്ത ബന്ധമാണുള്ളതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൊടകരയിലെ കവര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ ധര്‍മ്മരാജന്‍ കെ സുരേന്ദ്രന്റെ ഫോണിലേക്കും മകന്‍ ഹരികൃഷ്ണന്റെ ഫോണിലേക്കും വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ബെംഗളുരുവില്‍ നിന്ന് എത്തിച്ച കള്ളപ്പണം കെ സുരേന്ദ്രന്റെ അറിവോടെയാണ് കൊണ്ടുവന്നതെന്ന് കുറ്റപത്രത്തിലുണ്ട്. കര്‍ണാടകയില്‍ പോയി പണം കടത്തിക്കൊണ്ടുവരാന്‍ ധര്‍മ്മരാജനെ ചുമതലപ്പെടുത്തിയത് ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശനും ഓഫീസ് സെക്രട്ടറി ഗീരീഷും ചേര്‍ന്നാണെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് സുരേന്ദ്രനെ അന്വേഷണ സംഘം ജൂലൈ 14ന് ചോദ്യം ചെയ്തിരുന്നു. കുഴല്‍പ്പണം കവര്‍ച്ചാ കേസില്‍ കെ സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനും ബിജെപി നേതാക്കളായ 19 പേരും സാക്ഷികളുടെ പട്ടികയിലാണ്.