‘കൊവിഡില്‍ അനാഥരായ കുട്ടികളെ നിയമപരമല്ലാതെ ദത്തെടുക്കുന്നത് തടയൂ’; സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുടെ പേരില്‍ പണപ്പിരിവ് നടത്തുന്നതില്‍നിന്നും സന്നദ്ദ സംഘടനകളെ തടയാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. കുട്ടികളുടെ പേരും വിവരങ്ങളും പുറത്തുവിടുന്നതും ദത്തെടുക്കുന്നതും തടയാനുള്ള നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് ആനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നിയമപരമല്ലാത്ത ദത്തെടുക്കലിന് ചുക്കാന്‍ പിടിക്കുന്ന എന്‍ജിഒകള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

‘നിയമപരമല്ലാത്ത ദത്തെടുക്കലിന് നേതൃത്വം നല്‍കുന്ന എന്‍ജിഒകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടി സ്വീകരിക്കണം. ഇരകളാക്കപ്പെടുന്ന കുട്ടികളെ ദത്തെടുക്കല്‍ 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഇന്ത്യയില്‍ അനുവദനീയമല്ല’, ഉത്തരവില്‍ പറയുന്നു.

Also Read: ‘ഇങ്ങനെയാകണം ഈ കാലത്തെ വൈദികരും ഇടവകക്കാരും’; പള്ളിയിലെ സ്വര്‍ണം വിറ്റ് കുട്ടികളുടെ പഠനത്തിന് നല്‍കിയ ഇടവകയെ അഭിനന്ദിച്ച് ബിഷപ്പ് കൂറിലോസ്

കൊവിഡില്‍ അനാഥരായ കുട്ടികളുടെ ദത്തെടുക്കല്‍ വ്യാപകമായിരിക്കുകയാണെന്ന മുന്നറിയിപ്പ് ബാലാവകാശ കമ്മീഷന്‍ നല്‍കിയിരുന്നു. സ്വകാര്യ വ്യക്തികളും സന്നദ്ധ സംഘടനകളും ഈ കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് പണപ്പിരിവ് നടത്തുന്നെന്ന പരാതിയും ഉയര്‍ന്നിരുന്നു.

കൊവിഡുമൂലം അനാഥടരായ കുഞ്ഞുങ്ങളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. കൊവിഡുമൂലം ഒരുവര്‍ഷം കൊണ്ട് 3627 കുട്ടികള്‍ അനാഥരായെന്നാണ് ബാലാവകാശ കമ്മീഷന്റെ കണക്ക്. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 26,176 കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെയും നഷ്ടപ്പെട്ടെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ 65 കുട്ടികളാണ് അനാഥരായത്.