എറണാകുളം അതിര്‍ത്തികള്‍ ഇന്നടയ്ക്കും, ജില്ലയില്‍ കര്‍ശന നിയന്ത്രണം, അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. ജില്ലയില്‍ ശനിയാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കമ്മീഷണര്‍ സിഎച്ച് നാഗരാജുവും ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്കും അറിയിച്ചു. അനാവശ്യ യാത്രകള്‍ നടത്തുവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാവും യാത്രാനുമതിയെന്നും കമ്മീഷണര്‍ അറിയിച്ചു.

ജില്ലാ അതിര്‍ത്തി കടന്നെത്തുന്നവരെ പരിശോധനയ്ക്ക് ശേഷം മാത്രമാവും പ്രവേശിപ്പിക്കുക. വാഹനപരിശോധനയും കര്‍ശനമാക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ അടക്കമുള്ള നടപടികളുണ്ടാവും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണമുണ്ടാവുമെന്നാണ് റൂറല്‍ എസ്പി വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാ അതിര്‍ത്തികള്‍ ഇന്ന് രാത്രിയോടെ പൂര്‍ണമായും അടയ്ക്കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടിയുണ്ടാവും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലേക്ക് ആളുകള്‍ കൂട്ടമായി എത്താന്‍ പാടില്ലെന്നും റൂറല്‍ എസ്പി അറിയിച്ചു.