‘പിഷാരടിയെ എതിര്‍ത്തോളൂ…, ജീവനുതുല്യം സ്‌നേഹിക്കുന്ന മക്കളുടെ ചിത്രം ട്രോള്‍ ചെയ്യരുത്’; സുബീഷ് സുധി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന് പിന്നാലെ പാര്‍ട്ടിയുടെ പ്രചാരണ രംഗത്തുണ്ടായിരുന്ന സിനിമാ താരം രമേഷ് പിഷാരടിയെ കളിയാക്കുന്നതില്‍ പ്രതികരിച്ച് നടന്‍ സുബീഷ് സുധി. രാഷ്ട്രീയപരമായി തനിക്ക് പിഷാരടിയോട് കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ മക്കളുടെ ചിത്രമുപയോഗിച്ച് ട്രോളുകള്‍ പ്രചരിപ്പിക്കരുതെന്ന് സുബീഷ് പറയുന്നു.

‘കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പിഷാരടി സിപിഐഎമ്മിന്റെ വര്‍ഗ ബഹുജന സംഘടനകള്‍ അല്ലെങ്കില്‍ കോളേജ് യൂണിയനുകള്‍ നടത്തുന്ന പല പരിപാടികള്‍ക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ് പിഷാരടി. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ക്ക് പിഷാരടിയുടെ മക്കളെ വെച്ചുള്ള ഈ ചിത്രങ്ങള്‍ ട്രോളിന് ഉപയോഗിക്കാതെ നോക്കണമെന്ന് ഞാന്‍ വിനയത്തിന്റെ ഭാഷയില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’, സുബീഷ് പറഞ്ഞു.

സുബീഷ് സുധിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

രാഷ്ട്രീയപരമായി പിഷാരടിയോട് ഞാന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ഞാനെന്റെ കൃത്യമായ രാഷ്ട്രീയം അദ്ദേഹത്തോട് പറയാറുമുണ്ട്. പക്ഷെ പിഷാരടി എന്ന വ്യക്തി ഒരു പക്ഷെ എനിക്ക് അടുത്ത് അറിയാവുന്ന ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പിഷാരടി സിപിഐഎമ്മിന്റെ വര്‍ഗ ബഹുജന സംഘടനകള്‍ അല്ലെങ്കില്‍ കോളേജ് യൂണിയനുകള്‍ നടത്തുന്ന പല പരിപാടികള്‍ക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ്.

അതുകൊണ്ട് തന്നെ ഇന്നലെ ഞാന്‍ രമേശേട്ടനോട് സംസാരിച്ചപ്പോള്‍, ട്രോളുകളും മറ്റും ഒരു തമാശയായി കാണുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ മക്കളെ, കൊച്ചുക്കുട്ടിയുടെ ഫോട്ടോ പോലും ട്രോളാന്‍ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ഏറെ വിഷമം തോന്നി. പിഷാരടിക്ക് അദ്ദേഹത്തിന്റെ മക്കള്‍ ജീവന് തുല്യം ആണ്. അതെല്ലാവര്‍ക്കും അങ്ങനെ ആണല്ലോ

ഞാന്‍ അതിനെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ പിഷാരടിയെ ന്യായീകരിക്കാന്‍ രംഗത്ത് വന്നതോ ഒന്നുമല്ല. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ക്ക് പിഷാരടിയുടെ മക്കളെ വെച്ചുള്ള ഈ ചിത്രങ്ങള്‍ ട്രോളിന് ഉപയോഗിക്കാതെ നോക്കണമെന്ന് ഞാന്‍ വിനയത്തിന്റെ ഭാഷയില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.