‘ഞാന്‍ എന്ത് തെറ്റ് ചെയ്തു? മുക്കിയത് വിവാദത്തിന് താല്‍പര്യമില്ലാത്തതിനാല്‍’; ‘ഫെമിനിസ്റ്റ് ഫാന്‍സി ഡ്രസ്’ ഫോട്ടോ പിന്‍വലിച്ച് സുബി സുരേഷ്

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ‘ഫെമിനിസ്റ്റ് ഫാന്‍സി ഡ്രസ്’ പോസ്റ്റ് പിന്‍വലിച്ച് സുബി സുരേഷ്. താന്‍ ചെയ്തത് തെറ്റല്ലെന്നും വിവാദത്തിന് താല്‍പര്യമില്ലാത്തതുകൊണ്ടാണ് ഫോട്ടോകളും ക്യാപ്ഷനും ഡിലീറ്റ് ചെയ്തതെന്നും നടി പറഞ്ഞു. ‘എനിക്ക് പോപ്പുലാരിറ്റിയില്‍ താല്‍പര്യമില്ല, ഞാന്‍ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്താണ് ജീവിക്കുന്നത്’ എന്ന തലവാചകത്തോടെ പുതിയ ചിത്രവും സുബി സുരേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതൊക്കെ ഒരു തമാശ സെന്‍സില്‍ എടുക്കാതെ, എന്തോ വലിയ അപരാധം ചെയ്ത പോലെ കമന്റ് ഇടുന്നവരോട് എന്താ പറയേണ്ടത്?

സുബി സുരേഷ്

കൈകള്‍ മടക്കിവെച്ച കറുത്ത ഡ്രസ്, വലിയ ചുവന്ന പൊട്ട്, വലിയ മൂക്കുത്തി, ചുവന്ന ലിപ്സ്റ്റിക്, കറുത്ത ഫ്രെയിമുള്ള റൗണ്ട് ഗ്ലാസ്, കഴുത്തില്‍ ചരടില്‍ കോര്‍ത്ത മാലയും കാമോഫ്‌ളാഷ് ഡിസൈനുള്ള സ്‌കാര്‍ഫും, ക്രോസ് ബാഗ്, തലയ്ക്ക് മുകളില്‍ ബണ്‍ ചെയ്തു വെച്ച മുടി തുടങ്ങിയ വേഷവിധാനങ്ങളോടെ സുബി മൂന്ന് ചിത്രങ്ങള്‍ രാവിലെ പോസ്റ്റ് ചെയ്തിരുന്നു. ഫെമിനിസ്റ്റ് എന്ന ക്യാപ്ഷനൊപ്പം ഒരു സ്‌മൈലിയും ചേര്‍ത്തിരുന്നു.

22 ലക്ഷം പേര്‍ ഫേസ്ബുക്കില്‍ പിന്തുടരുന്ന സുബിയുടെ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളെത്തി. ‘എന്താണ് ഉദ്ദേശിച്ചത്?’ എന്ന ചോദ്യത്തിന് ‘ആ’ എന്ന മറുപടിയാണ് സുബി നല്‍കിയത്. ‘പാര്‍വതി തിരുവോത്ത് പോലെയാണോ, അങ്ങനെയാവണ്ട, അല്ലാത്ത സുബിയെ ആണിഷ്ടം’ എന്ന് ഒരാള്‍ പ്രതികരിച്ചു.

ഫെമിനിസം പോലുള്ള ഒരു മുന്നേറ്റത്തെ അധിക്ഷേപിക്കരുതെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ കടുത്തതോടെ സുബി സുരേഷ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. പുതുതായി ഷെയര്‍ ചെയ്ത ചിത്രത്തില്‍ നടിയെ അനുകൂലിച്ച് നിരവധി പേരെത്തുന്നുണ്ട്. പോസ്റ്റ് മുക്കിയോ എന്ന കമന്റിന് മറുപടി ഇങ്ങനെ. ‘മുക്കി മുക്കി വിവാദത്തിന് താല്‍പര്യമില്ലാത്തോണ്ടാ.’ ‘ഒരു വിവാദത്തിന് താല്‍പര്യമില്ല ഉണ്ണ്യേ..’ തെറ്റുകള്‍ തിരുത്തുന്നത് ആണ് മാന്യതയെന്ന് പ്രതികരിച്ച ഒരാളോട് ‘എന്ത് തെറ്റ് ചെയ്തു?’ എന്ന് സുബി സുരേഷ് ചോദിച്ചു.