നാളികേര വികസന ബോര്‍ഡിലേക്ക് സുരേഷ് ഗോപി; രാഷ്ട്രീയ നിയമനം കോര്‍പറേറ്റുകളെ സഹായിക്കാനെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കേന്ദ്ര നാളികേര വികസന ബോര്‍ഡംഗമായി ബിജെപി എംപി സുരേഷ് ഗോപിയെ നിയമിച്ചതിന് പിന്നാലെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നാളികേര വികസന ബോര്‍ഡിനെ കാവിവല്‍ക്കരിക്കുന്നത് കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ച് ആശങ്കയുയര്‍ത്തുന്നതാണ്. കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയാണെന്നും കോണ്‍ഗ്രസ് ശക്തമായി ചെറുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. നാളികേരം, നാളികേര ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം. ബോര്‍ഡംഗമായാണ് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തിരിക്കുന്നത്. നാളികേര വികസന ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം സാധ്യമാക്കുന്ന ഭേദഗതി ബില്ല് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പാസാക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്.

‘കഴിഞ്ഞ ദിവസം പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബില്‍ പാസാക്കി. ഇതാദ്യമായല്ല സംഘപരിവാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവര്‍ക്കിഷ്ടമുള്ള നിയമം പാസാക്കി എടുക്കുന്നത്. എന്നാല്‍ കോകനട്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡിനെ കാവിവല്‍ക്കരിക്കുന്നത് കേരളത്തിലെ കേര കര്‍ഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്. ഗാന്ധിജി മുന്നോട്ട് വെച്ച മഹത്തായ ആശയമാണ് ഗ്രാമ സ്വരാജ്. ഇന്ത്യയിലെ ഗ്രാമങ്ങള്‍ സ്വയം പര്യാപ്തമാക്കുന്നതില്‍ നമ്മെ മുന്നോട്ട് നയിച്ചത് ആ ആശയങ്ങളാണ്. അതിലേക്ക് ഉള്ള വഴിയായിരുന്നു സഹകരണ പ്രസ്ഥാനങ്ങള്‍, എന്നാല്‍ സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടം’, കെ സുധാകരന്‍ ആരോപിച്ചു.

Also Read: കൊവിഡ് ടെസ്റ്റ് നടത്തിയാൽ ബിരിയാണി പാത്രം സമ്മാനം; ​’ഗതികേടിന്റെ ടിപിആർ ചലഞ്ചുമായി’ വ്യാപാരികൾ; പരിശോധന നടത്താൻ വരുന്നവർക്ക് ചിക്കൻ ഫ്രൈ ഓഫറും

ദുരിത കാലത്ത് സഹകരണ പ്രസ്ഥാനങ്ങളാണ് വികസനം സാധ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കേണ്ടത്. എന്നാല്‍ ഇവിടെ സഹകരണ പ്രസ്ഥാനങ്ങളില്‍ ആശ്രയിച്ചവരെ വഴിയാധാരമാക്കി, രാഷ്ടീയ സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി കൊള്ള നടത്തുന്ന സര്‍ക്കാരുകളെയാണ് കാണുന്നത്.
രാജ്യത്തെ കാര്‍ഷിക വിപണി മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ച് നല്‍കാനുള്ള നിയമത്തിനെതിരെ നാളുകളായി വന്‍ കര്‍ഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങള്‍ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.