‘ബിജെപിയെ തോല്‍പ്പിക്കുക ആദ്യ ലക്ഷ്യം’; എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുമെന്ന ഓം പ്രകാശ് രാജ്ബര്‍

ബാലിയ: ഉത്തര്‍പ്രദേശിലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ സുഖല്‍ദേവ് ഓംപ്രകാശ് രാജ്ബര്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിക്കുമെന്ന് ചെറിയ പാര്‍ട്ടികളുടെ മുന്നണി അധ്യക്ഷന്‍ കൂടിയായ രാജ്ബര്‍ പറഞ്ഞു. ബിജെപിയുടെ ഘടകക്ഷിയായിരുന്നു നേരത്തെ സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിന് വേണ്ടി എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നിവരുടെ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ക്ക് ഞങ്ങളുടെ പാര്‍ട്ടി പിന്തുണ നല്‍കും. ഈ പാര്‍ട്ടികളുമായി നിയമസഭ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനും ശ്രമിക്കുമെന്നും രാജ്ബര്‍ പറഞ്ഞു.

ബിജെപി തോല്‍പ്പിക്കുക എന്നതാണ് സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ പ്രഥമ ലക്ഷ്യം. യോഗിക്ക് അധികാരം നഷ്ടപ്പെടാനാണ് പോകുന്നതെന്നും രാജ്ബര്‍ പറഞ്ഞു.

വില വര്‍ധനവും മറ്റ് പ്രശ്‌നങ്ങളും ജനങ്ങള്‍ ഓര്‍ക്കാതിരിക്കാനാണ് യോഗിയും മോദിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന വ്യാജവാര്‍ത്തകള്‍ ബിജെപി പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.