ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കുമെന്ന് സൂചന; ഇന്ന് കൊവിഡ് അവലോകന യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താനുള്ള അവലോകന യോഗം ചൊവ്വാഴ്ച ചേരും. ഉച്ചക്ക് ശേഷം മൂന്നരക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുക.

ഞായറാഴ്ച ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യൂ എന്നിവ തുടരുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാവും. നിപ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാവും.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും പിന്‍ഡവലിക്കാമെന്ന് രാജ്യത്തെ പല വിദഗ്ധരും നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തിയാവും ഇളവുകളില്‍ തീരുമാനമെടുക്കുന്നത്.

ഓണാഘോഷങ്ങള്‍ക്ക് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചേക്കാമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നത്. എന്നാല്‍ രോഗ വ്യാപനം വന്‍തോതിലുണ്ടായില്ല. ഇത് പല വിദഗ്ധരും യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ഇളവ് നല്‍കാമെന്നും വിദഗ്ധര്‍ പറഞ്ഞിരുന്നു.

ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്. സ്‌കൂളുകള്‍ തുറക്കുന്നത് പരിശോധിക്കാനുള്ള വിദഗ്ധ സമിതിയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും.