സംവരണവിധി ചരിത്രപരം; ഇടതുപക്ഷത്ത് നയപരമായ തിരുത്തല്‍ വേണം

1992-ലെ ഇന്ദിരാ സാഹ്നി കേസ് ഇന്ത്യയിലെ സംവരണ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിധിന്യായമാണ്. അതിനകത്ത് വളരെ വ്യക്തമായി തന്നെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കവസ്ഥയായിരിക്കണം സംവരണത്തിന്റെ മാനദണ്ഡമെന്ന് പറയുന്നുണ്ട്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വമായും പരിഗണിക്കേണ്ടതുണ്ട് എന്ന നിലക്കാണ് ഇന്ദിരാ സാഹ്നി വിധി ഉണ്ടായത്. പുതിയ സാഹചര്യത്തില്‍ സാമ്പത്തിക സംവരണ നിയമം നിലവില്‍ വന്ന സാഹചര്യത്തില്‍ മറാത്ത വിഭാഗം കൊടുത്ത കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഇന്ദിരാ സാഹ്നി കേസിലെ വിധി ന്യായത്തെ, അതാണ് അതിന്റെ ശരിയായ കാര്യമെന്ന് ഉറപ്പിച്ച് പറയുകയാണ് ചെയ്യുന്നത്.

ഇവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്, സാമ്പത്തികം മാനദണ്ഡമാക്കിയുള്ള സംവരണത്തെ കുറിച്ചുള്ള ഒരു നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതിനേക്കാള്‍ പെട്ടെന്നാണ് സംസ്ഥാനങ്ങള്‍ ഈ സവര്‍ണ്ണ വിഭാഗങ്ങളിലെ ദരിദ്രരെന്ന് പറയുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. ആ നടപടി ക്രമങ്ങളും അതിലൂടെ നടത്തിയ നിയമനങ്ങളുമെല്ലാം ഏതാണ്ട് പൂര്‍ണ്ണമായും അസാധുവായി എന്നതാണ് ഇന്നത്തെ വിധി ന്യായത്തിന്റെ പ്രത്യേകത.

രണ്ടാമത്, കേരളം പോലൊരു സ്ഥലത്താണെങ്കില്‍ ഈ അമ്പത് ശതമാനത്തില്‍ തൊടാതെ, അമ്പത് ശതമാനത്തിന് മുകളിലുള്ള ജനറല്‍ കാറ്റഗറിയില്‍ നിന്നാണ് പത്ത് ശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കകാര്‍ക്ക് കൊടുക്കുന്നതെന്നാണ് ഇടതുമുന്നണി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ സംവരണം അമ്പത് ശതമാനത്തിനപ്പുറത്തേക്ക് കടക്കാന്‍ പാടില്ല എന്ന വിധി ശരിവെക്കുന്നതിലൂടെ, പത്ത് ശതമാനം ജനറല്‍ ക്വാട്ടയില്‍ നിന്നെടുക്കാം എന്ന കാര്യം ഇപ്പോള്‍ നിയമവിരുദ്ധമായി മാറിയിരിക്കുന്നു. തീര്‍ച്ചയായും സര്‍ക്കാരിന് ആ നയം പുന:പരിശോധിക്കേണ്ടി വരും.

ഇന്ത്യയിലെ സംവരണത്തെ സംബന്ധിച്ച ഇന്ത്യന്‍ ഭരണഘടനയുടെ കാഴ്ചപ്പാടിനെ ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിധിന്യായവും അതിന്റെ നടപടിക്രമങ്ങളും സാമ്പത്തിക സംവരണം എന്നത് ഭരണഘടന വിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കുന്നു. അത് ചരിത്രപരമാണ്.

ഇന്ത്യക്കകത്ത് ആദ്യമായി സംവരണത്തെ സാമ്പത്തിക മാനദണ്ഡത്തിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാടാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയോഗിച്ച ഭരണപരിഷ്‌ക്കാര കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ അന്നത്തെ മുഖ്യമന്ത്രിയെന്ന നിലക്ക് എഴുതിയ കുറിപ്പിലാണ് സംവരണം പടിപടിയായി സാമ്പത്തിക മാനദണ്ഡലത്തിലേക്ക് എത്തണമെന്ന നയം പ്രഖ്യാപിക്കുന്നത്. അതിന് ശേഷമാണ് നെഹ്‌റു പോലും സാമുദായി സംവരണം മെറിറ്റിനെ തകര്‍ക്കാന്‍ സാധ്യതയുണ്ട് എന്ന അഭിപ്രായപ്പെടുന്നത്.

സാമ്പത്തിക സംവരണത്തെ പിന്‍പറ്റുന്ന ഒരു നയം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തുടക്കം മുതലേ എടുക്കുന്നുണ്ട്. അത് ഭരണഘടനയുടെ കാഴ്ചപ്പാടിനും തത്വത്തിനും ഇന്ത്യയിലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ക്കും നിരക്കുന്നതല്ലെന്ന് 92-ലെ ഇന്ദിരാ സാഹ്നി കേസിലും ഇപ്പോഴത്തെ മറാത്ത കേസുമായി ബന്ധപ്പെട്ടും സുപ്രീം കോടതി ആവര്‍ത്തിച്ചു പറയുന്നുണ്ട്.

അത് കൊണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നയപരമായി തിരുത്തേണ്ടതുണ്ട്. ഇന്ത്യയിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോടും ഭരണഘടനയുടെ കാഴ്ചപ്പാടിനോടും നീതി പുലര്‍ത്തുക എന്നത് ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുന്ന പാര്‍ട്ടികള്‍ നിര്‍ബന്ധമായും പുലര്‍ത്തേണ്ടുന്ന കാര്യമാണ്. അതിന് വിരുദ്ധ അഭിപ്രായങ്ങള്‍ കൊണ്ടു നടക്കുക, രഹസ്യമായി നിയമം പാസ്സാക്കിയെടുക്കുക, അത് ഭരണഘടന വിരുദ്ധമാണെന്ന് പറയുമ്പോള്‍ അത് തിരുത്താന്‍ തയ്യാറാകാതിരിക്കുക എന്നതൊന്നും ഒരു ജനാധിപത്യ പാര്‍ട്ടിക്ക് ഭൂഷണമല്ല. നയപരമായ ഒരു തിരുത്തലിന് ഇടതുപക്ഷത്തെ നിര്‍ബന്ധിക്കുന്ന ഒരു വിധിയാണിത്. അതിനവര്‍ തയ്യാറായില്ലെങ്കില്‍ തീര്‍ച്ചയായും ഗുരുതരമായ ഭവിഷത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്നതില്‍ ഒരു തര്‍ക്കവുമില്ല.