സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയാക്കിയത് പ്രശസ്തിക്ക് വേണ്ടിയല്ലെന്ന് കോമിക്സ് എഴുത്തുകാരന് ടോം ടെയ്ലര്. ബൈ സെക്ഷ്വല്‍ പ്രാതിനിധ്യം കോമിക്സുകളില്‍ പണ്ടേക്കുപണ്ടേ വരേണ്ടതായിരുന്നെന്ന് ടോം ടെയ്ലര് ബിബിസിയോട് പറഞ്ഞു. ഡിസി കോമിക്സ് പുതിയൊരു ക്വിയര്‍ സൂപ്പര്‍മാനെ സൃഷ്ടിക്കുന്നു എന്ന വാര്‍ത്താ വിശേഷണങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ട. സൂപ്പര്മാന് സ്വയം കണ്ടെത്തുന്നു, സൂപ്പര്മാന് ആകുന്നു, പുറത്തേക്ക് വരുന്നു. അതാണ് കാതല്‍. മറ്റൊരു ‘സ്ട്രെയ്റ്റ് വൈറ്റ്’ രക്ഷകനെ മാറ്റി പ്രതിഷ്ഠിക്കാനുള്ള അവസരമായാണ് ഡിസിയുടെ ജോബ് ഓഫറിനെ കണ്ടത്. സൂപ്പര്‍മാന്റെ അടയാളം എല്ലായ്പ്പോഴും പ്രതീക്ഷയുടേയും സത്യത്തിന്റേയും നീതിയുടേയുമാണ്. ഇന്ന്, ആ അടയാളം മറ്റ് ചിലതിനേക്കൂടി പ്രതിനിധീകരിക്കുന്നു. ഇന്ന്, കൂടുതല്‍ ആളുകള്‍ക്ക് ഏറ്റവും ശക്തരായ സൂപ്പര്‍ ഹീറോകളിന്മേല് തങ്ങളെത്തന്നെ കണ്ടെത്താന്‍ കഴിയുന്നു. ഹീറോകള്‍ എല്ലാവരുടേതുമാകണം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ വലിയൊരു മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അഞ്ച്-പത്ത് വര്‍ഷം മുന്‍പ് ഇത് വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷെ സംഗതികള്‍ വളരെ സ്വാഗതാര്‍ഹമായി മാറിയെന്നും ടെയ്ലര് ചൂണ്ടിക്കാട്ടി.
സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നെങ്കിലും പ്രതികരണങ്ങള്‍ അതിശയിപ്പിക്കും വിധം പോസിറ്റീവായിരുന്നു. ഇതിലും വലിയ സന്തോഷമില്ല. ബൈസെക്ഷ്വല്‍ സൂപ്പര്മാനേക്കുറിച്ച് വായിച്ച് തങ്ങള്‍ സന്തോഷം കൊണ്ട് കരഞ്ഞുപോയെന്ന് പലരും ഞങ്ങളോട് പറയുന്നുണ്ട്.
ടോം ടെയ്ലര്
കോമിക്സിലെ ഏറ്റവും കരുത്തുള്ള സൂപ്പര്‍ഹീറോയായ സൂപ്പര്‍മാനില്‍ തങ്ങളെ കണ്ടെത്താന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അവര്‍ പറയുന്നു. കോമിക്സില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട എന്ന് പറയുന്നവര്‍ എപ്പോഴുമുണ്ടാകും. ഓരോ കോമിക് ബുക്കും ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയമുള്ളതാണെന്ന് അവര്‍ മറന്നുപോകുന്നു. മാര്‍വല്‍ കോമിക്സിന്റെ ‘എക്സ് മെന്‍’ അക്കാലത്തെ സിവില്‍ റൈറ്റ്സ് മൂവ്മെന്റിന്റെ പ്രതിഫലനം കൂടിയായിരുന്നു. ‘ഈ സൂപ്പര്മാന് എന്നേപ്പോലെയാണ്. ഈ സൂപ്പര്മാന് എന്നെ ബാധിക്കുന്ന സംഗതികള്‍ക്ക് വേണ്ടി കൂടിയാണ് പോരാടുന്നത്’ എന്ന് ആളുകളേക്കൊണ്ട് പറയിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ട് എഴുതാനാണ് ശ്രമിക്കുന്നതെന്നും ടോം ടെയ്ലര് കൂട്ടിച്ചേര്‍ത്തു.
നവംബര്‍ ഒമ്പതിന് പുറത്തിറങ്ങാനിരിക്കുന്ന ‘സൂപ്പര്മാന്: സണ്‍ ഓഫ് കാല്-എല്‍’ എന്ന കോമിക് ബുക്കിലെ ചിത്രങ്ങള്‍ ഡി സി പുറത്തുവിട്ടതിന് പിന്നാലെ വൈറലായിരുന്നു. ക്ലാര്‍ക് കെന്റിന്റേയും ലൂയിസ് ലെയിനിന്റേയും മകനായ ജൊനാഥന് കെന്റ് സുഹൃത്ത് ജെയ് നകാമുറയെ ചുംബിക്കുന്ന ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ജോണ്‍ ടിം ആണ് പിങ്ക് മുടിയുള്ള ജാപ്പനീസ് വംശജനായ റിപ്പോര്‍ട്ടറെ വരച്ചിരിക്കുന്നത്. ജോണ്‍ കെന്റിനെ കേന്ദ്ര കഥാപാത്രമാക്കിയിറക്കിയ മുന്‍ ലക്കങ്ങളിലും ഡിസി കോമിക്സ് പുതിയ കാലത്തിന്റെ രാഷ്ട്രീയം പറയാന്‍ ശ്രമിക്കുന്നുണ്ട്. സൂപ്പര്മാന് കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്നുണ്ടായ കാട്ടുതീ തടയുന്നതും ഒരു ഹൈസ്കൂള്‍ വെടിവെയ്പ് പദ്ധതി പൊളിക്കുന്നതും അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനെതിരെ സമരം ചെയ്യുന്നതും കഴിഞ്ഞ ലക്കങ്ങളിലുണ്ട്.

ഈ വര്‍ഷമാദ്യം മാര്‍വല്‍ കോമിക്സ് ആദ്യ ഗേ ക്യാപ്റ്റന്‍ അമേരിക്കയെ പ്രഖ്യാപിച്ചത് വാര്‍ത്തയായിരുന്നു. കറുത്തവര്‍ഗക്കാരനും സ്വവര്‍ഗാനുരാഗിയുമായ അക്വാമാനേയും മാര്‍വല്‍ കോമിക്സ് അവതരിപ്പിക്കുന്നുണ്ട്. അനിമേറ്റഡ് ചിത്രത്തില്‍ ക്യാറ്റ് വുമണുമായി ബാറ്റ്മാന് ഓറല്‍ സെക്സ് ചെയ്യുന്ന ഭാഗം എഡിറ്റ് ചെയ്ത് മാറ്റാന്‍ ഡിസി സംവിധായകനോട് ആവശ്യപ്പെട്ടത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിവാദ രംഗത്തെ പിന്തുണച്ച് ഡിസി യൂണിവേഴ്സ് ലൈവ് ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹോളിവുഡ് സംവിധായകന് സാക് സ്നൈഡര്‍ തന്നെ രംഗത്തെത്തുകയുണ്ടായി.