വാക്‌സിന്‍ വിലനിര്‍ണ്ണയം കേന്ദ്രം ഏറ്റെടുക്കണം; കേന്ദ്രത്തെ വീണ്ടും വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് സുപ്രീം കോടതി. വാക്‌സിന്‍ വിലനിര്‍ണ്ണയം കേന്ദ്രം ഏറ്റെടുക്കണമെന്ന നിര്‍ദേശം കോടതി ആവര്‍ത്തിച്ചു. സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

18 മുതല്‍ 45 വയസ്സിനിലിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറരുത്. 45 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിന്‍ പോലെ മറ്റ് വിഭാഗങ്ങള്‍ക്കായും വാക്‌സിന്‍ കേന്ദ്രം നേരിട്ട് കമ്പനികളില്‍ നിന്ന് വാങ്ങാന്‍ ശ്രമിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

പകുതി വാക്‌സിന്‍ സംസ്ഥാനങ്ങളും സ്വകാര്യ കേന്ദ്രങ്ങളും വാങ്ങട്ടെ എന്ന് എന്ത് കൊണ്ട് തീരുമാനിച്ചു. വിലനിര്‍ണ്ണയം കമ്പനികള്‍ക്ക് നല്‍കരുത്. രാജ്യമാകെ വാക്‌സിന് ഒറ്റ വില നിര്‍ണ്ണയിച്ച് ഇത് സര്‍ക്കാര്‍ ഏറ്റെടുക്കണം.

കൊവിന്‍ ആപ്പിലെ രജിസ്‌ട്രേഷന് കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ പലര്‍ക്കും കഴിയുന്നില്ല. ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാവും എന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചതെന്നും കോടതി പറഞ്ഞു.