യുജിസി ചട്ടലംഘനം; സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കി സുപ്രീംകോടതി

കൊല്ലം: ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കി സുപ്രീംകോടതി. ഡോ. രാജശ്രീ എം.എസിന്റെ നിയമനമാണ് റദ്ദാക്കിയത്. യുജിസി ചട്ട ലംഘനം നടന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് നിമയനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വലാശാല (കുസാറ്റ്) മുന്‍ ഡീന്‍ പി.എസ്. ശ്രീജിത്ത് നല്‍കിയ ഹരജിയിലാണ് നടപടി.

2019 ഫെബ്രുവരി രണ്ടിനാണ് ഡോ. രാജശ്രീ എം.എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. ഈ നിയമനത്തില്‍ 2013 ലെ യുജിസി ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. യുജിസി ചട്ട പ്രകാരം വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനലാണ് സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. എന്നാല്‍ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഡോ. രാജശ്രീ എം.എസിന്റെ പേര് മാത്രമാണ് സമിതി ചാന്‍സലര്‍ക്ക് കൈമാറിയതെന്ന് ഹരജി ചൂണ്ടിക്കാട്ടി.

യുജിസി ചെര്‍മാന്റെ നോമിനിക്ക് പകരം എഐസിടിഇ നോമിനിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും ആരോപണമുണ്ടായിരുന്നു. ഒരിക്കല്‍ യുജിസി ചട്ടങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍, അത് നടപ്പിലാക്കാന്‍ ബാധ്യസ്ഥമാണെന്ന സുപ്രീംകോടതി വിധിയും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. വാദമംഗീകരിച്ച കോടതി, യുജിസി ചട്ടലംഘനം നടന്നെന്ന മുന്‍ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം റദ്ദാക്കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.

അതേസമയം, സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ യുജിസി ചട്ടം അനുവദിക്കുന്നുണ്ടെന്നായിരുന്നു രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകരുടെയും വാദം. 2015-ലെ സാങ്കേതിക സര്‍വകലാശാല നിയമത്തിന്റെ പതിമൂന്നാം വകുപ്പ് പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിരുന്നതായും സർക്കാർ കോടതിയില്‍ വാദിച്ചു.

അഭിഭാഷകന്‍ പി.വി. ദിനേശ് ഡോ. രാജശ്രീയ്ക്കായും സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവരാണ് സംസ്ഥാന സർക്കാരിനും വേണ്ടി ഹാജരായത്. സി.കെ. ശശി, അബ്ദുള്ള നസീഫ് എന്നവർ ചാന്‍സലറായ ഗവണര്‍ക്കുവേണ്ടി വാദിച്ചു.

അതേസമയം, കെടിയു വൈസ് ചാൻസല‍ർ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. സംസ്ഥാനത്തെ സർവകലാശാല നിയമനങ്ങളെല്ലാം ചട്ടലംഘനം നടന്നിട്ടുണ്ടെന്നും, കണ്ണൂർ വിസി പുനർനിയമനത്തിലും ഇതേ വീഴ്ചയാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ഉന്നത വിദ്യാഭ്യാസം തകർക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും വി.ഡി. സതീശൻ പറഞ്ഞു