തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് തന്നെ; സംസ്ഥാനത്തിന്റെ അപ്പീല്‍ തള്ളി സുപ്രീംകോടതി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരായ ഹരജി തള്ളി സൂപ്രീംകോടതി. സംസ്ഥാനവും തൊഴിലാളി യൂണിയനുകളും നല്‍കിയ ഹരജിയാണ് തള്ളിയത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹരജികള്‍.

2020-ലാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും തൊഴിലാളി യൂണിയനുകളും സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് ബേല ത്രിവേദിയും അധ്യക്ഷരായ ബെഞ്ചാണ് ഹരജി തള്ളിയത്. നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.

വിമാനത്താവള നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.എസ്.ഐ.ഡി.സിയുടെ ലേലം തള്ളുന്നതിന് മൂന്ന് കാരണങ്ങള്‍ ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് കുറഞ്ഞത് 25 ശതമാനം ഇക്വിറ്റി ഷെയറുകളുള്ള ഒരു സ്ഥാപനത്തിന് 10 ശതമാനം റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരമുണ്ട് എന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതാണ്. ഇത് പ്രകാരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ടെണ്ടറില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.എസ്.ഐ.ഡി.സിയും പങ്കെടുത്തിരുന്നു. വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും കെ.എസ്.ഐ.ഡി.സി 168 രൂപ ലേലത്തില്‍ വാഗ്ദാനം ചെയ്തപ്പോള്‍ അദാനി ഗ്രൂപ്പ് 135 രൂപയാണ് വാഗ്ദാനം ചെയ്തത്. ഇതോടെ കെ.എസ്.ഐ.ഡി.സി ലേലത്തില്‍ പരാജയപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കി ഉത്തരവിട്ടത്. ഈ ഹൈക്കോടതി ഉത്തരവ് ശരിയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

നടത്തിപ്പ് സ്വകാര്യ സ്ഥാപനം ഏറ്റെടുക്കുന്നത് തൊഴിലിനെ ബാധിക്കുമെന്ന യൂണിയന്റെ പരാതിയില്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിലേക്ക് മാറാന്‍ ജീവനക്കാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം ജീവനക്കാര്‍ക്ക് അദാനി ഗ്രൂപ്പിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാം.

വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്തത് തങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇതിനായി എയര്‍പോര്‍ട്ട് അതോറിറ്റി പണം ചെലവാക്കിയിട്ടില്ല. സര്‍ക്കാര്‍ ചെലവാക്കിയ പണത്തിന് ആനുപാതികമായി ഓഹരി നല്‍കേണ്ടതാണെന്നും സര്‍ക്കാര്‍ വാദമുന്നയിച്ചു. സംസ്ഥാനത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കേന്ദ്രവും വാദിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം ടെണ്ടര്‍ നടപടികളില്‍ പങ്കെടുത്തതിന് ശേഷം ഈ വാദത്തിന് പ്രസക്തിയില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി.