‘അണക്കെട്ടിന്റെ സുരക്ഷ പ്രധാനം’; ബലത്തില്‍ മാറ്റം വന്നിട്ടുണ്ടാവാമെന്ന് സുപ്രീംകോടതി, ജലനിരപ്പ് 139 അടി മതിയെന്ന് കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍. ജലനിരപ്പുയര്‍ന്നാല്‍ വലിയ പ്രതിസന്ധിയുണ്ടാകും. 137 അടിയ്ക്ക് മുകളിലേക്ക് ജലനിരപ്പ് ഉയരുന്നതുതന്നെ ആശങ്കയുണ്ടാക്കുന്നതാണെന്ന് കേരളം കോടതിയില്‍ പറഞ്ഞു. തല്‍ക്കാലം പ്രതിസന്ധിയില്ലെങ്കിലും മഴ ശക്തമായാല്‍ ആശങ്ക രൂക്ഷമാകുമെന്നും കേരളം അറിയിച്ചു.

നിലവിലത്തെ സാഹചര്യം പരിഗണിച്ച് ജലനിരപ്പില്‍ മാറ്റം വേണ്ടെന്നാണ് മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ അറിയിച്ചിരിക്കുന്നത്. മേല്‍നോട്ട സമിതിയുടെ ശുപാര്‍ശയില്‍ കേരളം വ്യാഴാഴ്ച മറുപടിയറിയിക്കും. കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. അണക്കെട്ടിന്റെ ഉറപ്പിനെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നാണ് തമിഴ്‌നാട് വാദിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പ്രധാനമാണെന്ന് സുുപ്രീംകോടതി നിരീക്ഷിച്ചു. 2006ലെ വിധി പരിശോധിച്ചാണ് നിലപാടെടുക്കുന്നതെങ്കില്‍, 2021 വരെയുള്ള വര്‍ഷങ്ങള്‍ക്കിടെ അണക്കെട്ടിന്റെ ശേഷിയിലും ബലത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടാകും. കാലപ്പഴക്കം പരിഗണിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.

ഇടുക്കി അണക്കെട്ടില്‍ 90 ശതമാനം വെള്ളമുണ്ടെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയിലേക്കെത്തിയാല്‍ അധിക ജലം ഇടുക്കിയിലേക്ക് തുറന്നുവിടാനാവില്ലെന്നും കേരളം മേല്‍നോട്ടസമിതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ശരിയാണെന്ന നിരീക്ഷണമാണ് സമിതിയുടെ ഭാഗത്തുനിന്നുണ്ടായതെങ്കിലും നിലവിലത്തെ സാഹചര്യത്തില്‍ പ്രതിസന്ധികളില്ലെന്ന റിപ്പോര്‍ട്ടാണ് സമിതി കോടതിയില്‍ സമര്‍പ്പിച്ചത്.

കേന്ദ്ര ജല കമ്മിഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം നിലവിലത്തെ റൂള്‍ കര്‍വ് 138 അടിയാണ്. ഈ അളവിലേക്ക് ജലനിരപ്പുയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. 137.60 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ നീരൊഴുക്കിലും കുറവുണ്ടായിട്ടുണ്ട്. സെക്കന്റില്‍ 2398 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്കെത്തുന്നത്. സെക്കന്റില്‍ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.