ത്വാഹ ഫസലിന് ജാമ്യം നല്‍കി സുപ്രീം കോടതി, എന്‍ഐഎക്ക് തിരിച്ചടി; അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ത്വാഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ ആവശ്യം സുപ്രീം കോടതി തള്ളുകയും ചെയ്തു. 2019 നവംബര്‍ ഒന്നിനാണ് നിയമ വിദ്യാര്‍ത്ഥികളായ ത്വാഹ ഫസലിനെയും അലന്‍ ഷുഹൈബിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ത്വാഹ ജാമ്യാപേക്ഷ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷയിലും അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ ആവശ്യവും ഒരുമിച്ചാണ് കോടതി തീരുമാനമെടുത്തത്.

കേസില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. കേസില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്നായിരുന്നു എന്‍.ഐ.എ വാദം. പ്രതികളുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖയുമൊക്കെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവാണോ എന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.

എന്‍.ഐ.എയുടെയും പ്രതികളുടെയും വാദം കേട്ട ശേഷം ജസ്റ്റിസ് അജയ് രസ്‌തോഗി അദ്ധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.

നേരത്തെ രണ്ട് പേര്‍ക്കും പ്രത്യേക എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാന്‍ഡ കോടതി തയ്യാറായിരുന്നുമില്ല. ഒരാള്‍ക്ക് മാത്രം ജാമ്യം അനുവദിച്ച നടപടി ശരിയല്ലെന്ന് നേരത്തെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.