‘ജനജീവിതത്തിന്റെ പ്രശ്‌നമാണ്, രാഷ്ട്രീയമായി കാണരുത്’; മുല്ലപ്പെരിയാര്‍ ഹരജിയില്‍ കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കേരളവും തമിഴ്‌നാടും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ഇരുസംസ്ഥാനങ്ങളും സംയുക്തമായി തീരുമാനമെടുത്താല്‍ കോടതിക്ക് ഇടപെടേണ്ട കാര്യം പോലുമുണ്ടാകില്ല. ചര്‍ച്ചയ്ക്കായി കേരളം തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.

ജലനിരപ്പ് തീരുമാനിക്കേണ്ടത് കോടതിയല്ല. കോടതിയില്‍ വാദിച്ച് സമയം കളയാതെ തമിഴ്‌നാട് ഉദ്യോഗസ്ഥരുമായും മേല്‍നോട്ട സമിതിയുമായും ചര്‍ച്ച നടത്താന്‍ കേരളം തയ്യാറാകണം. ജന ജീവിതത്തെ ബാധിക്കുന്ന ഈ വിഷയത്തെ രാഷ്ട്രീയമായി കാണരുത്. എല്ലാവരും ഗൗരവത്തോടെയും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എന്‍.വി ഖന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്.

ജലനിരപ്പ് സംബന്ധിച്ച തീരുമാനം ഉടന്‍ എടുക്കണമെന്ന് നിര്‍ദ്ദേശം സുപ്രീംകോടതി മേല്‍നോട്ട സമിതിക്ക് നല്‍കി. പരമാവധി ജലനിരപ്പ് എത്രവരെയാകാമെന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നുംനിര്‍ദ്ദേശിച്ചു. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

2018ലെ പ്രളയസമയത്തേതിന് സമാനമായി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്ന് കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. അണക്കെട്ട് നിലനില്‍ക്കുന്ന പ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിന്റെ വാദം.

എന്നാല്‍, ഇത്തരം ഭീഷണികളൊന്നും നിലവിലില്ലെന്നാണ് തമിഴ്‌നാട് കോടതിയെ അറിയിച്ചത്. 142 അടിവരെ ജലനിരപ്പാകാമെന്നാണ് 2006, 2014 വര്‍ഷങ്ങളിലെ സുപ്രീംകോടതി വിധിയില്‍ പറയുന്നതെന്നും തമിഴ്‌നാട് വാദിച്ചു.