ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ പ്രക്ഷോഭം നടത്തുന്നതിനിടെ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് കഠിനമായ ചോദ്യങ്ങളുടെ ചൂടറിഞ്ഞ് യു.പി സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് നടത്തുന്ന അനേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സംഭവവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് നടത്തുന്ന അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥ പോലെയാകരുതെന്ന് സുപ്രീം കോടതി പറഞ്ഞു. അന്വേഷണം മന്ദഗതിയിലാക്കാനുള്ള ശ്രമം യു.പി പൊലീസ് നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു.
കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ 44 സാക്ഷികളാണ് ഉള്ളത്. ഇതില്‍ നാല് പേരെ മാത്രമാണ് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയത്. ബാക്കിയുള്ളവരുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു.
ദസറ അവധിയെ തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി അവധി ആയതിനാലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത് വൈകിയതെന്ന് യു.പി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചു. അടുത്ത ആഴച്ചക്കകം എല്ലാ സാക്ഷികളുടെയും രഹസ്യമൊഴി രേഖപ്പെടുത്തണം. സുരക്ഷ ഉറപ്പാക്കണം. അനന്തമായി അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
കേസ് പരിഗണിക്കാന്‍ എടുത്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് യു.പി സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയത്. ഇതില്‍ അതൃപ്തി അറിയിച്ച ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഈ റിപ്പോര്‍ട്ടിനായി ഇന്ന് പുലര്‍ച്ചെ ഒരു മണിവരെ കാത്തിരുന്നുവെന്നും പറഞ്ഞു.
ഹര്‍ജി ഒക്ടോബര്‍ 26ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പായി പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യു.പി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.