വീണ്ടും മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി; ‘സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാനാവില്ല’

ന്യൂദല്‍ഹി: ബാങ്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. രണ്ടാം കൊവിഡ് തരംഗത്തില്‍ ലോക്ഡൗണ്‍ വന്നതിനാല്‍ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജി.

സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ല. സാമ്പത്തിക നയങ്ങളില്‍ ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്.

മോറട്ടോറിയം കാലയളവിലെ വായ്പകളുടെ പലിശ പൂര്‍ണ്ണമായി എഴുതിതള്ളാനാവില്ലെന്നും മോറട്ടോറിയം കാലാവധി നീട്ടാനാവില്ലെന്നും സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് കഴിഞ്ഞ ഒക്ടോബറില്‍ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.