സംവരണം അമ്പത് ശതമാനത്തില്‍ കൂടരുത്; ഇന്ദിരാ സാഹ്നി കേസ് വിധി ശരിവെച്ച് സുപ്രീം കോടതി; ‘സംവരണത്തിന്റെ അടിസ്ഥാനം സാമൂഹിക സാസ്‌കാരിക പിന്നോക്കാവസ്ഥ’

ന്യൂദല്‍ഹി: രാജ്യത്ത് സംവരണം അമ്പത് ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന ഇന്ദിരാ സാഹ്നി കേസിലെ വിധി പുന: പരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. സംവരണത്തിന്റെ അടിസ്ഥാനം സാമൂഹിക സാസ്‌കാരിക പിന്നോക്കാവസ്ഥയായിരിക്കണമെന്ന് നിര്‍ണ്ണായകമായ നിരീക്ഷണത്തോടെയാണ് കോടതിയുടെ വിധി. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മറാത്ത സംവരണ നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഈ വിധി.

സംവരണം ഭരണഘടനാപരമാണ്. അതില്‍ മാറ്റം വരുത്തുന്നതിന് സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ട്. പക്ഷെ പരമാവധി സംവരണാനുകൂല്യങ്ങള്‍ അമ്പത് ശതമാനത്തില്‍ കവിയരുതെന്നും ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.

1992ല്‍ ഇന്ദിരാ സാഹ്നി കേസില്‍ പ്രസ്താവിച്ച വിധിയില്‍ മാറ്റം വരുത്തേണ്ട സ്ഥിതിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സംവരണ പരിധി അമ്പത് ശതമാനം എന്നായിരുന്നു ഈ കേസിലെ വിധി. സ്ഥാനക്കയറ്റത്തിന് സംവരണം ബാധകമല്ലെന്നും അന്നത്തെ വിധിയിലുണ്ടായിരുന്നു. സംവരണ വിധികള്‍ ചോദ്യം ചെയ്താാല്‍ അത് പരിശോധിക്കുന്നതിന് പതിനൊന്നംഗ ബെഞ്ച് തന്നെ വേണമെന്നും കോടതി പറഞ്ഞു.

മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗങ്ങളെ പിന്നോക്ക വിഭാഗമായി കണക്കാക്കി സംവരണം നല്‍കുവാനുള്ള നിയമം കോടതി റദ്ദാക്കി. ജസ്റ്റിസ് അശോക് ഭൂഷന്‍ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.

വിവിധ സംസ്ഥാനങ്ങളിലെ സംവരണ നയങ്ങളുടെ മേല്‍ ഗുരുതരമായി ബാധിക്കുന്നതായിരിക്കും ഈ വിധി.