പെഗാസസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി അന്വേഷണം; പരിശോധിക്കുക ഏഴ് വിഷയങ്ങള്‍

ന്യൂഡല്‍ഹി: ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. വിവരങ്ങള്‍ ചോര്‍ത്തിയെന്ന് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിദഗ്ധ സമിതി അന്വേഷണത്തിന് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് എന്‍. വി രമണ അദ്ധ്യക്ഷനായി ബെഞ്ചാണ് വിധി പറഞ്ഞത്.

വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. അലോക് ജോഷി, ഡോ. സുദീപ് ഒബ്രോയ്, ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ. പ്രഭാകരന്‍ പി, ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തേ എന്നിവരാണ് സമിതി അംഗങ്ങള്‍. ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങളാണ് സമിതി അന്വേഷിക്കുക. കേന്ദ്ര സര്‍ക്കാര്‍ സമിതിയോട് സഹകരിക്കണമെന്നും വിധിയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവും കോടതി വിധി പ്രസ്താവത്തിലുണ്ട്.

വിധി പ്രസ്താവത്തില്‍ നിന്ന്

‘ഭരണഘടന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് കോടതി ശ്രമിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല. ഈ കേസില്‍ ചില ഹര്‍ജിക്കാര്‍ പെഗാസസിന്റെ നേരിട്ടുള്ള ഇരകളാണ്. വിവര സാങ്കേതികതയുടെ വളര്‍ച്ചക്കിടയിലും സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എല്ലാ വ്യക്തികള്‍ക്കും സ്വകാര്യത അനിവാര്യമാണ്. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കണോ എന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. വിവാദത്തിന്റെ അടിവേരുകള്‍ കണ്ടെത്താന്‍ ഇവിടെ കോടതി നിര്‍ബന്ധിതമാകുന്നു. മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറുന്ന നിയന്ത്രണങ്ങള്‍ ഭരണഘടന പരിശോധനയ്ക്ക് വിധേയമാകണം. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ദേശസുരക്ഷയുടെ പേരില്‍ സര്‍ക്കാരിന് എന്തും ചെയ്യാന്‍ പറ്റില്ല. പെഗാസസ് വിവാദത്തില്‍ വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണം. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാവും അന്വേഷണം. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്തിലാവും അന്വേഷണം.’

ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണത്തില്‍ വേണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാമും ശശികുമാറും രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസും നല്‍കിയ ഹര്‍ജിയിലാണ് വിധി.