‘പ്രതികരണം മാന്യമായിരിക്കണം, ഭാഷയില്‍ ഒരു ദൗര്‍ലഭ്യം എന്ന് പറയാന്‍ മലയാളം അത്ര ശോഷിച്ചതല്ല’, ജനം ടിവിയെ വിമര്‍ശിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിനെയും കുടുംബത്തെയും അധിക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ച ബിജെപി അനുകൂല ചാനല്‍ ജനം ടിവിയെ പരോക്ഷമായി വിമര്‍ശിച്ച് സുരേഷ് ഗോപി. അഭിപ്രായം പറയുന്നതിലേക്ക് വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴക്കരുത്. അതിനെതിരെയുളള പ്രതികരണം മാന്യമായിരിക്കണം. ഭാഷയില്‍ ഒരു ദൗര്‍ലഭ്യം എന്ന് പറയാന്‍ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ലെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ലക്ഷദ്വീപിന് പിന്തുണയറിച്ച് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ജനം ടിവി പൃഥ്വിരാജിന്റെ കുടുംബത്തെയടക്കം ആക്ഷേപിക്കുന്ന
തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.

സുരേ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം:

Please… Please… Please…

ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശന്‍, മുത്തശ്ശി, അവരുടെ മുന്‍ഗാമികള്‍, അവരുടെ പിന്‍ഗാമികളായി അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയില്‍ ഒരു ദൗര്‍ലഭ്യം എന്ന് പറയാന്‍ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല.

Also Read: ആര്‍എസ്പിയില്‍ നിന്ന് അവധിയെടുത്ത് ഷിബു ബേബി ജോണ്‍; ‘രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല’

അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കില്‍ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിര്‍ത്തിക്കൊണ്ട് തന്നെയാകണം വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങളുടെ ആഴം നിങ്ങള്‍ എത്ര വേണമെങ്കിലും വര്‍ധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും.

ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാര്‍ഢ്യമല്ല. ഇത് തീര്‍ച്ചയായിട്ടും ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമാണ്. അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനുള്ള ഐക്യദാര്‍ഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകള്‍ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോള്‍ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനാണ് ഞാന്‍. ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കില്‍ നമ്മള്‍ പാപികളാകും. അത് ഓര്‍ക്കണം. അഭ്യര്‍ഥനയാണ്. രാഷ്ട്രീയം കാണരുത് ഇതില്‍.

Let Dignity and Integrity be your Sword when you criticize. Keep protected Integrity, Dignity, Decency and let Emotions be PURE and SINCERE.