‘എല്ലാ ജാതിയിലും കള്ളന്‍മാരുണ്ട്’; അടിച്ചമര്‍ത്തപ്പെടുന്നവരുടെ രാഷ്ട്രീയം പറഞ്ഞ് സൂര്യയുടെ ‘ജയ് ഭീം’ ടീസര്‍

സൂര്യ നായകനാകുന്ന ലീഗല്‍ ഡ്രാമ ‘ജയ് ഭീം’ന്റെ ടീസറെത്തി. സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്ന അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യയുടെ വരവ്. ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങളും നീതിന്യായ വ്യവസ്ഥയില്‍ ഇപ്പോഴും തുടരുന്ന ജാതീയതുമായ ബന്ധപ്പെട്ട സംഭാഷണങ്ങളും ടീസറിലുണ്ട്. സൂര്യയുടെ കഥാപാത്രമായ ചന്ദ്രു അരിവാള്‍ ചെങ്കൊടിയേന്തി സമരം ചെയ്യുന്ന ദൃശ്യങ്ങളും കാണാം.

ഭൂരഹിതരായ ആദിവാസി വിഭാഗക്കാര്‍ക്ക് നേരിടേണ്ടി വരുന്ന നീചമായ സാഹചര്യങ്ങളും മനുഷ്യാവകാശത്തിനും നീതിയ്ക്കും വേണ്ടിയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ജാതീയ ഉച്ചനീചത്വങ്ങളും പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളും ചര്‍ച്ച ചെയ്യുന്ന ഒരുപിടി ചിത്രങ്ങള്‍ സമീപകാലത്തായി തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്തുവന്നിരുന്നു. ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി മാരി ശെല്‍വരാജ് സംവിധാനം ചെയ്ത ‘കര്‍ണന്‍’, ആര്യയെ അടിയന്തിരാവസ്ഥ കാലത്തെ ബോക്‌സറായി പാ രഞ്ജിത് അവതരിപ്പിച്ച ‘സര്‍പ്പാട്ട പരമ്പരൈ’ എന്നിവ ചര്‍ച്ചാവിഷയമായിരുന്നു. പാ രഞ്ജിത്തിന്റെ തന്നെ മദ്രാസ്, കബാലി, കാലാ എന്നീ ചിത്രങ്ങളും രാഷ്ട്രീയം പറഞ്ഞു. മാരി ശെല്‍വരാജിന്റെ ‘പരിയേറും പെരുമാള്‍’ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

ടി.ജെ ജ്ഞാനവേലാണ് ജയ് ഭീം സംവിധാനം ചെയ്യുന്നത്. സൂര്യയുടേയും ജ്യോതികയുടേയും ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളി താരങ്ങളായ ലിജോ മോള്‍ ജോസ്, മണികണ്ഠന്‍, രജിഷ വിജയന്‍ എന്നിവര്‍ക്കൊപ്പം പ്രകാശ് രാജ്, റാവു രമേഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു.

രാജ്‌ശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍ നിര്‍മ്മാണ പങ്കാളിയായുണ്ട്. ഷോണ്‍ റോള്‍ഡനാണ് സംഗീതമൊരുക്കിയത്. എസ് ആര്‍ കതിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു, ഫിലോമിന്‍രാജ് ആണ് എഡിറ്റര്‍. കലാ സംവിധാനം കതിര്‍. ദീപാവലി റിലീസായെത്തുന്ന ജയ് ഭീം നവംബര്‍ രണ്ടിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. തമിഴ് കൂടാതെ തെലുങ്ക് ഭാഷയിലും ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട്. നാല് ചിത്രങ്ങളാണ് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലായി 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറക്കുന്നത്. ‘രാമേ ആന്ദാളും രാവനേ ആന്ദാളും’ സെപ്റ്റംബറില്‍ പുറത്തിറങ്ങി. ജ്യോതിക നായികയായ ‘ഉടന്‍ പിറപ്പേ’ കഴിഞ്ഞ ദിവസം റിലീസായി. ‘ഓ മൈ ഡോഗ്’ ഡിസംബറില്‍ പ്രേക്ഷകരിലെത്തും. അര്‍ണവ് വിജയ്, അരുണ്‍ വിജയ്, വിജയ് കുമാര്‍, മഹിമ നമ്പ്യാര്‍, വിനയ് റായി എന്നിവര്‍ അഭിനയിക്കുന്ന ചിത്രമാണ് ഓ മൈ ഡോഗ്. കുട്ടികള്‍ക്ക് വേണ്ടിയൊരുക്കുന്ന സിനിമയാണിത്.