ദിലീപിൻറെ വാദങ്ങളെല്ലാം തള്ളി ഹൈക്കോടതി; മുഴുവൻ ഫോണുകളും ഹാജരാക്കാൻ ഉത്തരവ്

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ട കേസിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ എല്ലാം നടൻ ദിലീപ് ഉടൻ ഹാജരാക്കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ച്ച രാവിലെ പത്തേകാലോടെ ഹൈക്കോടതി രജിസ്ട്രാർ മുൻപാകെ മുദ്രവെച്ച ബോക്‌സുകളിൽ ഫോണുകൾ ഹാജരാക്കണം. ഫോണുകൾ സമർപ്പിക്കാൻ കഴിയില്ലെന്ന നടന്റെ ശക്തമായ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ദിലീപിന്റെ നാല് ഫോണുകൾ ഉൾപ്പടെ ഏഴ് ഫോണുകൾ പരിശോധനക്കായി വേണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്.

ഫോണുകൾ കൈമാറാതിരിക്കാൻ ശക്തമായ വാദങ്ങളാണ് ദിലീപിന്റെ അഭിഭാഷകർ മുന്നോട്ടുവെച്ചത്. ഫോണുകളിൽ സ്വകാര്യ വിവരങ്ങളും സാമ്പത്തിക രേഖകളും ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ അത് ദുരുപയോഗം ചെയ്യും, അതിനാൽ അത് കൈമാറാൻ കഴിയില്ല എന്നാണ് ദിലീപ് വാദിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങൾ വീണ്ടെടുക്കാൻ ഫോണുകൾ താൻ തന്നെ മുംബൈയിൽ ഫോറൻസിക് പരിശോധനക്ക് നൽകിയിരിക്കുകയാണെന്നും നടൻ പറഞ്ഞു.

എന്നാൽ കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല. ഫോൺ ആര് പരിശോധിക്കണം എന്ന് തീരുമാനിക്കേണ്ടത് ദിലീപല്ല എന്നും തെളിവുകൾ ഹാജരാകാനുള്ള ബാധ്യത ദിലീപിനുണ്ടെന്നും അത് ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റാരോപിതർ മൊബൈൽ ഫോണുകൾ അന്വേഷണത്തിനായി ഹാജരാക്കണം എന്ന സുപ്രീം കോടതി ഉത്തരവുകൾ ചൂടിക്കാട്ടിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

തിങ്കളാഴ്ച രാവിലെ ഹാജരാക്കണം എന്ന് കോടതി നിർദേശിച്ചപ്പോൾ മുംബൈയിൽ നിന്നും എത്തിക്കാൻ താമസുള്ളതിനാൽ ചൊവ്വാഴ്ച്ച ഹാജരാക്കാം എന്ന് നടൻ പറഞ്ഞു. ഈ ആവശ്യവും ജസ്റ്റിസ് പി ഗോപിനാഥ് ചെവിക്കൊണ്ടില്ല. തിങ്കളാഴ്ച്ച രാവിലെ പത്തേകാലിന് കേസിൽ തുടർവാദം കേൾക്കും.

നടനെ മൂന്ന് ദിവസം ക്രൈം ബ്രാഞ്ച് നടനെ ചോദ്യം ചെയ്‌തിരുന്നു. ഫോണുകൾ നൽകാതിരിക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്നും അന്വേഷണവുമായി നടൻ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ശനിയാഴ്ച്ച ഹൈക്കോടതിയിൽ അടിയന്തര ഉപഹരജി സമർപ്പിക്കുകയായിരുന്നു. കോടതി പ്രതികൾക്ക് അനുവദിച്ച പരിരക്ഷ ഒഴിവാക്കി കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖക്ക് പുറമെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അത് സാധൂകരിക്കാൻ കൂടുതൽ ഡിജിറ്റൽ തെളിവുകൾ അനിവാര്യമാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയോട് പറഞ്ഞത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് ശേഷം രജിസ്റ്റർ ചെയ്ത കേസാണ് ഇത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടു എന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളായിരുന്നു ബാലചന്ദ്രകുമാർ പുറത്ത് വിട്ടത്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നാണ് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞത്.