പരാതിക്കാരി പൊതുജന മധ്യത്തിലേക്ക്; ‘എല്ലാം തുറന്നുപറയും, മാധ്യമങ്ങളെക്കാണും’

ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതിനൽകിയ കന്യാസ്ത്രീ മാധ്യമങ്ങളെക്കാണാനും പൊതുജനങ്ങളോട് വെളിപ്പെടുത്തലുകൾ നടത്താനും തീരുമാനിച്ചുവെന്ന് ഫാദർ അഗസ്റ്റിൻ വട്ടോളി. വിധിക്ക് ശേഷം മഠത്തിൽ പോയി സന്ദർശിച്ചപ്പോൾ ഇനിയും നിരാശയോടെ മുഖംമറച്ച് ഇരിക്കാനില്ലെന്നും പൊതു സമൂഹത്തോട് എല്ലാം തുറന്നുപയാൻ തീരുമാനിച്ചതായും പരാതിക്കാരി പറഞ്ഞു എന്നാണ് അദ്ദേഹം ഏഷ്യനെറ്റ് ചർച്ചയിൽ വ്യക്തമാക്കിയത്.

സേവ് ഔർ സിസ്റ്റേഴ്സ് (എസ്ഒഎസ്) ഫോറം കൺവീനറാണ് ഫാദർ അഗസ്റ്റിൻ വട്ടോളി.

പീഡനക്കേസിൽ തെളിവുകൾ ഇല്ല എന്ന് ചൂണ്ടിക്കാട്ടി കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടുകൊണ്ട് വെള്ളിയാഴ്ച്ച വിധി പുറപ്പെടുവിച്ചിരുന്നു. അദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകൾ നിലനിൽക്കില്ല എന്നാണ് ജഡ്ജി ജി ഗോപകുമാറിന്റെ സിംഗിൾ ബെഞ്ച് കണ്ടെത്തിയത്. കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് 13 തവണ ജലന്ധർ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കൽ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീയുടെ പരാതി.

ഏഴു കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരുന്നത്. ആവർത്തിച്ചുള്ള ബലാൽസംഗം, അധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അധികാര ദുർവിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ അതിക്രമം, അന്യായമായ തടഞ്ഞുവെയ്ക്കൽ എന്നിവയായിരുന്നു ചുമത്തിയ കുറ്റങ്ങൾ.

കേസിൽ നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് നീതിക്കായി സമരംചെയ്ത കുറവിലങ്ങാട് കോൺവെന്റിലെ കന്യാസ്ത്രീകളും പറഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിച്ചതാണെന്നും അപ്പീൽ പോകുമെന്നും നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമ വ്യക്തമാക്കി. വികാരാധീനരായിട്ടാണ് സിസ്റ്റർ അനുപമയുൾപ്പടെയുള്ളവർ വിധിക്ക് ശേഷം മാധ്യമങ്ങളെ കണ്ടത്.

വിധി വൻ വിജയമായി ആരും കാണേണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുരയും പ്രതികരിച്ചു. അഭയാ കേസ് തെളിയാൻ 28 കൊല്ലമാണ് എടുത്തത് എന്നും നിയപോരാട്ടത്തിൽ മുൻപന്തിയിലുള്ള സിസ്റ്റർ ലൂസിയും പ്രതികരിച്ചിരുന്നു.

വാർത്തയോടൊപ്പമുള്ള ചിത്രം പ്രതീകാത്മകമാണ്.