പതിമൂന്നുകാരിയുടെ ചെറുവിരല്‍ അസ്ഥിയില്‍ നിന്ന് മനുഷ്യപരിണാമത്തിലേക്ക് ; സ്വാന്റെ പേബൂവിനെ നോബേല്‍ തേടിയെത്തിയത് ഇങ്ങനെ

സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റേ പേബൂ 2022 -ലെ വെെദ്യശാസ്ത്ര നോബേല്‍ പുരസ്കാരം ഏറ്റുവാങ്ങിയത് മനുഷ്യ പരിണാമത്തിന്റെ അപൂർവ്വ സാധ്യതകള്‍ തേടിയുള്ള പഠനത്തിനാണ്. 90,000 വർഷങ്ങള്‍ക്ക് മുന്‍പ് മണ്‍മറഞ്ഞുപോയ ഒരു മനുഷ്യവർഗത്തിന്റെ ജനിത ഘടനയെക്കുറിച്ചായിരുന്നു പേബൂവിന്റെ പഠനം. ഇന്ന് നിലവിലുള്ള ഹോമോ സാപിയന്‍സ് എന്ന ആധുനിക മനുഷ്യവർഗത്തിന്റെ പൂർവ്വികരെന്ന് കരുതപ്പെട്ട നിയാന്‍ഡർതാലുകള്‍, പരിണാമത്തിന്റെ ഒരു ഘട്ടത്തില്‍ ആധുനിക മനുഷ്യനെ കണ്ടുമുട്ടിയിരുന്നോ? ഇതുസംബന്ധിച്ച പഠനത്തിനിടെ ഇന്നുവരെ ലോകമറിയാത്ത സങ്കര മനുഷ്യവർഗത്തിന്റെ സാധ്യത തന്നെ തിരിച്ചറിഞ്ഞ നിർണ്ണായക കണ്ടുപിടുത്തമുണ്ടായ വർഷമാണ് 2022.

2022 ഓഗസ്റ്റിലായിരുന്നു ശാസ്ത്രലോകം അതിനുള്ള തെളിവ് കണ്ടെത്തുന്നത്. തെക്കൻ സൈബീരിയയിലെ ഡെനിസോവിയന്‍ പ്രദേശത്തെ ഒരു ഗുഹയിൽനിന്ന് വർഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ ഒരു ഫോസിലിന്റെ ജനിത ഘടനയാണ് ആ നിർണ്ണായക കണ്ടുപിടുത്തത്തിന് വഴിവെച്ചത്. ഏകദേശം 13 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടിയുടേതായിരുന്നു ഫോസില്‍. 90000 വർഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടു എന്ന് കരുതപ്പെടുന്ന ആ കുട്ടിയുടെ പൂർവ്വികരെ അന്വേഷിച്ച ശാസ്ത്രജ്ഞർക്ക് രണ്ട് മനുഷ്യവർഗ്ഗത്തെയാണ് കണ്ടെത്താനായത്. കുട്ടിയുടെ മാതാവ് നിയാന്‍ഡർതാല്‍ മനുഷ്യന്റേതാണ് എന്നാല്‍ പിതാവ് മറ്റൊരു മനുഷ്യവർഗത്തില്‍നിന്നാണ്. നിയാന്‍ഡർതാലുകളുമായി ഏറെ സാമ്യമുള്ള ഡെനിസോവന്‍ എന്ന വിഭാഗമായിരുന്നു. ഇത്. ഇതോടെ, രണ്ടു മനുഷ്യ സ്പീഷീസുകളിൽനിന്ന് സങ്കര സൃഷ്ടിയായ മറ്റൊരു മനുഷ്യന്റെ സാധ്യതയാണ് ശാസ്ത്രലോകത്തിന് മുന്നില്‍ തുറന്നത്.

19 -ാം നൂറ്റാണ്ടില്‍ തന്നെ ആദ്യനിയാന്‍ഡർതാല്‍ ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഡിഎന്‍എ പഠനത്തിന്റെ അനന്തസാധ്യതകള്‍ക്ക് മുന്‍പ് മനുഷ്യപരിണാമത്തെക്കുറിച്ചുള്ള പരിമിതമായ അറിവേ ആ ഫോസിലുകളില്‍ നിന്ന് മനുഷ്യന്‍ ആർജിച്ചിട്ടുള്ളൂ. അവിടെനിന്നാണ് മനുഷ്യന്റെ ഉത്പത്തിയെക്കുറിച്ചുള്ള കൂടുതല്‍ ആഴങ്ങളിലേക്ക് പേബൂവിന്റെ പഠനങ്ങള്‍ ശാസ്ത്രലോകത്തെ എത്തിച്ചത്.

ജർമ്മനിയിലെ ലീപ്‌സിഗിലുള്ള മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിയിലെ ഡയറക്ടറായ പേബൂ, ചെറുപ്പം മുതലേ പുരാതന മനുഷ്യ ചരിത്രത്തില്‍ ആകൃഷ്ടനായിരുന്നു. 1982-ലെ നോബേല്‍ സമ്മാന ജേതാവ് കൂടിയായ പിതാവ് സൂനെ ബെർഗ്സ്ട്രോമിന്റെ പാത പിന്തുടർന്ന് നാല് പതിറ്റാണ്ടുശേഷം സ്വാന്റേ നോബേല്‍ വേദിയിലെത്തിയത് ആ ചരിത്രത്തെ തിരഞ്ഞുകണ്ടെത്തിയ സംഭാനകളിലാണ്.

മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, മമ്മി ഫോസിലുകളില്‍ നിന്ന് ഡിഎൻഎ വേർതിരിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു രഹസ്യ പഠത്തിലായിരുന്നു പേബൂ. ഭാഗികമായി ആ നീക്കത്തില്‍ വിജയിച്ചെങ്കിലും, പുരാതന ഫോസിലുകളിലെ ഡിഎൻഎ വൻതോതിൽ നശിക്കുന്നതും, ബാക്ടീരിയ ബാധകളിലൂടെ ആധുനിക മനുഷ്യനുണ്ടായ ഡിഎന്‍എ വ്യതിയാനവും ആ പഠനത്തിന് വെല്ലുവിളിയായി.

അത് മറികടക്കാന്‍ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാൻ പേബൂ തീരുമാനിച്ചു. അതിന്റെ ഫലമായി 40,000 വർഷം പഴക്കമുള്ള ഒരു അസ്ഥി കഷ്ണത്തിൽ നിന്ന് മൈറ്റോകോൺഡ്രിയൽ ഡിഎൻഎ ക്രമപ്പെടുത്താൻ പേബൂവിന് കഴിഞ്ഞു. സമകാലീന മനുഷ്യരുമായും ചിമ്പാൻസികളുമായും ഉള്ള താരതമ്യത്തില്‍ നിയാന്‍ഡർതാലുകള്‍ ജനിതകപരമായി വ്യത്യസ്തരാണെന്ന് അതിലൂടെ തെളിയിച്ചു.

എന്നാല്‍ മൈറ്റോകോൺ‌ഡ്രിയൽ ഡി‌എൻ‌എയില്‍ നിന്ന് ശേഖരിക്കാനാകുന്ന വിവരങ്ങള്‍ പരിമിതമായിരുന്നു. ഒരു പൂർണ്ണ നിയാണ്ടർത്തൽ ജീനോമിനെ ക്രമപ്പെടുത്തുക എന്നതായിരുന്നു പാബോയുടെ ആത്യന്തിക ലക്ഷ്യം. 2010-ൽ അദ്ദേഹം ആ ലക്ഷ്യത്തിലെത്തി. നിയാന്‍ഡർതാലുകള്‍ക്കും ഹോമോ സാപ്പിയൻസിന്റെയും പൂർവ്വികരായ ഒരു വർഗം ഏകദേശം 800,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതായി ആ പഠനങ്ങള്‍ വെളിപ്പെടുത്തി.

ഹോമോ സാപിയൻസ് ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറിയ സമയത്ത്, വംശനാശം സംഭവിച്ച രണ്ട് ഹോമിനിൻ മനുഷ്യവർഗങ്ങള്‍ യൂറോപ്പും ഏഷ്യയും ചേർന്ന യൂറേഷ്യയില്‍ വസിച്ചിരുന്നു. പടിഞ്ഞാറൻ യുറേഷ്യയിലെ നിയാന്‍ഡർതാലുകളും കിഴക്കൻ ഭാഗങ്ങളിൽ ഡെനിസോവന്മാരും എന്നിങ്ങനെ ഒരേ കാലത്ത് രണ്ട് മനുഷ്യവർഗങ്ങള്‍. ഇവിടേക്കാണ് ഹോമോ സാപ്പിയൻസ് കുടിയേറിയത്. ഈ ഘട്ടത്തില്‍ ഈ രണ്ട് വർഗങ്ങളുമായും ആധുനിക മനുഷ്യന്‍ കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്തെന്ന് ആ പഠനങ്ങള്‍ വിലയിരുത്തി.

എന്നാല്‍ ആ രണ്ടു വർഗങ്ങളില്‍ നിന്നും വ്യത്യസ്തരായ ഹോമോ സാപ്പിയൻസ് സങ്കീർണ്ണമായ സംസ്കാരങ്ങളും കലയും നൂതന കണ്ടുപിടുത്തങ്ങളും വികസിപ്പിച്ചെടുത്ത് അതിവേഗം പരിണാമത്തിലേർപ്പെട്ടു. യുറേഷ്യയില്‍ മാത്രമായി ഒതുങ്ങിയ സഹോദര വർഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവർ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇതോടെ നിയാണ്ടർത്തലുകളിൽ നിന്നും ഡെനിസോവന്മാരിൽ നിന്നും വേർപിരിഞ്ഞ ആധുനിക മനുഷ്യന് കൂടുതല്‍ ജനിതക മാറ്റങ്ങളുണ്ടായി. താരതമ്യേനെ ദുർബ്ബലമായ രോഗപ്രതിരോധ ശേഷിയുള്ളവർ എന്ന് കരുതപ്പെടുന്ന മറ്റ് മനുഷ്യവർഗങ്ങള്‍ വംശനാശം നേരിട്ടപ്പോള്‍ ആധുനിക മനുഷ്യന്‍ അതിജീവിച്ചതും അക്കാരണത്താലാകാം.

ആധുനിക വൈദ്യശാസ്ത്രത്തിലും ഈ പഠനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നും പേബൂവിന്റെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി. നിയാന്‍ഡർതാലിന്റെെയും ഡെനിസോവന്റെയും ഡിഎൻഎ അംശങ്ങള്‍ ആധുനി മനുഷ്യനിലുമുണ്ടാകാം എന്നാണ് പേബൂവിന്റെ കണ്ടെത്തല്‍. ഡെനിസോവിയന്‍ പ്രദേശങ്ങളിലും ഉയരമുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്ന ടിബറ്റന്‍ മനുഷ്യരിലും ഡെനിസോവൻ പതിപ്പായ EPAS1 ജീന്‍ കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളില്‍ അതിജീവിക്കാന്‍ അവരെ സഹായിക്കുന്ന ആ ജനിതക പ്രത്യേകത, പക്ഷേ കൊവിഡ് 19 പോലുള്ള ഗുരുതര രോഗ ബാധയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതാണ്.

നിയാന്‍ഡർതാല്‍ ജീനുകൾ മനുഷ്യരിലെ കൊവിഡ് വെെറസ് സാധ്യതയെ സ്വാധീനിക്കുന്നതിനെക്കുറിച്ച് 2020 ലും 2021 ലും പേബൂ രണ്ട് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ദി നേച്ചറിൽ പ്രസിദ്ധീകരിച്ച 2020 ലെ പ്രബന്ധത്തിൽ, നിയാന്‍ഡർതാലുകളില്‍ നിന്നുള്ള ഒരു പ്രത്യേക ജീൻ കൊവിഡ് രോഗികൾക്കിടയിൽ ഗുരുതരമായ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് പറയുന്നത്. അതായത് അണുബാധകളോടുള്ള രോഗപ്രതിരോധ പ്രതികരണങ്ങളെയും വരെ സ്വാധീനിക്കാന്‍ മനുഷ്യനിലുള്ള നിയാന്‍ഡർതാല്‍ ജീനുകള്‍ സാധിക്കുമെന്ന് അർത്ഥം.