‘ജീവിതം, യാതന’; സിറിയന്‍ അഭയാര്‍ത്ഥി ബാലന്റേയും പിതാവിന്റേയും ചിത്രം 2021ലെ മികച്ച ഫോട്ടോ

2021ലെ സിയന അന്താരാഷ്ട്ര ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായത് സിറിയന്‍ അഭയാര്‍ത്ഥി ബാലന്റേയും പിതാവിന്റേയും ചിത്രം. ഒരു കാല്‍ നഷ്ടമായ പിതാവ് കൈകാലുകളില്ലാത്ത കുട്ടിയെ എടുത്തുയര്‍ത്തുന്നതും ഇരുവരും മുഖത്തോട് മുഖം നോക്കി ചിരിക്കുന്നതുമാണ് ഫോട്ടോയില്‍. ടര്‍ക്കിഷ് ഫോട്ടോഗ്രാഫര്‍ മെഹ്മെത് അസ്ലനാണ് യുദ്ധം വരുത്തിവെയ്ക്കുന്ന ഭീകരനഷ്ടങ്ങളും മനുഷ്യന്റെ അതിജീവനശ്രമങ്ങളും ഒറ്റ ഫ്രെയിമിലാക്കിയത്.

“Hardship of Life” / Mehmet Aslan

മുസ്തഫ എന്ന ബാലന്റേയും മുന്‍സിര്‍ എന്ന സിറിയന്‍ അഭയാര്‍ത്ഥിയുടേയും ചിത്രം സിറിയയോട് ചേര്‍ന്നുള്ള ടര്‍ക്കിഷ് പ്രവിശ്യയായ ഹതായിലെ റെയ്ഹാന്‍ലിയില്‍ നിന്നാണ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. വടക്കുപടിഞ്ഞാറന്‍ സിറിയയിലുള്ള ഇദ്‌ലിബ് നഗരത്തിലെ ഒരു മാര്‍ക്കറ്റിലൂടെ നടന്നുനീങ്ങവെയാണ് മുന്‍സിറിന്റെ സമീപത്ത് ബോംബ് വന്ന് പതിക്കുന്നതും ഒരു കാല്‍ നഷ്ടപ്പെടുന്നതും. സിറിയന്‍ യുദ്ധത്തിലെ രാസായുധ ആക്രമണത്തില്‍ മുന്‍സിറിന്റെ ഭാര്യ സെയ്‌നെപിനും മാരക പരുക്കേറ്റു. വിഷവാതകം ശ്വസിച്ചതിനേത്തുടര്‍ന്ന് സെയ്‌നപിന് കഴിക്കേണ്ടി വന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മകന്‍ കൂടി അനുഭവിക്കേണ്ടി വന്നു. ടെട്രാ അമേലിയ എന്ന രോഗം ബാധിച്ച്, ഇരു കൈകളും കാലുകളുമില്ലാതെയാണ് മുസ്തഫ ജനിച്ചത്. പ്രത്യേകം തയ്യാറാക്കിയ അത്യാധുനിക കൃത്രിമ കൈകളും കാലുകളും മുസ്തഫയ്ക്ക് വേണ്ടി വരും. പക്ഷെ തുര്‍ക്കിയില്‍ അവര്‍ ജീവിക്കുന്ന സ്ഥലത്ത് അവ ലഭ്യമല്ലെന്ന് ഫോട്ടോഗ്രാഫര്‍ മെഹ്മത് അസ്ലന്‍ പറയുന്നു.

ഇറ്റലിയിലെ സിയെന നഗരം കേന്ദ്രീകരിച്ച് 2014 ആരംഭിച്ച ഫോട്ടോഗ്രഫി പുരസ്‌കാരമാണ് സിയെന ഇന്റര്‍നാഷണല്‍ ഫോട്ടോ അവാര്‍ഡ്‌സ്. ലോകത്തെമ്പാടുമുള്ള പ്രൊഫഷണല്‍, അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 163 രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഫോട്ടോഗ്രാഫര്‍മാരാണ് എന്‍ട്രികള്‍ അയച്ചത്. ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ മെഹ്മത് അസ്ലന് 1,745 ഡോളര്‍ വിലയുള്ള ഫോട്ടോഗ്രഫി എക്വിപ്‌മെന്റും ‘പാന്‍ജിയ പ്രൈസ്’ എന്ന ക്രിസ്റ്റല്‍ ഫലകവും സമ്മാനിക്കും. മറ്റ് സമ്മാനങ്ങളും അവസരങ്ങളും പുരസ്‌കാരജേതാവിന് ലഭിക്കും. സ്ട്രീറ്റ് ഫോട്ടോഗ്രഫി, സ്‌പോട്‌സ് ഇന്‍ ആക്ഷന്‍ ഇനങ്ങളില്‍ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരാണ് ഒന്നാം സ്ഥാനം നേടിയത്.

സ്ട്രീറ്റ് ജേണലിസം

‘കുട്ടിക്കാലം’ / Lopamudra Talukdar

ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ഊഞ്ഞാലാടിക്കളിക്കുന്ന കുട്ടികള്‍, ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ ലോപാമുദ്ര താലൂക്ദാര്‍ പകര്‍ത്തിയത്

ജേര്‍ണി ആന്‍ഡ് അഡ്വഞ്ചേഴ്‌സ്

‘ഇതെന്റെ കാട്’ / Sergey Savvi

ശ്രീലങ്കയിലെ യാലാ ദേശീയോദ്യാനത്തില്‍ സഫാരിക്കിറങ്ങിയവരുടെ ജീപ്പ് ആക്രമിക്കുന്ന കാട്ടാന, റഷ്യന്‍ ഫോട്ടോഗ്രാഫര്‍ സെര്‍ജി സാവി പകര്‍ത്തിയത്

ഫാസിനേറ്റിങ് ഫേസസ് ആന്‍ഡ് കാരക്ടേഴ്‌സ്

‘പെട്ടെന്ന്’ / Selene Magnolia

ബള്‍ഗേറിയന്‍ നഗരമായ പ്ലോവ്ദിവിലെ റോമ ചേരിയില്‍ വിവാഹച്ചടങ്ങിന് തയ്യാറെടുക്കുന്നു വധു, ഇറ്റാലിയന്‍ ഫോട്ടോഗ്രഫര്‍ സെലീന്‍ മഗ്നോലിയ പകര്‍ത്തിയ ചിത്രം

ദ ബ്യൂട്ടി ഓഫ് നേച്ചര്‍

‘പ്രകാശിക്കുന്ന കാട്’ / Shirley Wung

തായ്‌വാനിലെ കാടിന് നടുവിലെ പര്‍വ്വത പാതയില്‍ മിന്നാമിനുങ്ങുകള്‍ നടത്തുന്ന ലൈറ്റ് അറേഞ്ച്‌മെന്റ്, തായ്‌വാനീസ് ഫോട്ടോഗ്രഫര്‍ ഷേര്‍ളി വുങ്ങിനെ സമ്മാനാര്‍ഹയാക്കിയ ചിത്രം

അനിമല്‍സ് ഇന്‍ ദെയര്‍ എന്‍വയോണ്‍മെന്റ്

‘ആഴ്ച്ചകളോളം കഴിക്കാന്‍’ / Ronan Donovan

അലാസ്‌കയില്‍ മസ്‌ക് ഓക്‌സ് ഇനത്തില്‍ പെട്ട കാട്ടുപോത്തിന്റെ ശരീരത്തില്‍ വെച്ച ഒളിക്യാമറയിലൂടെ അമേരിക്കന്‍ ഫോട്ടോഗ്രഫര്‍ റോണന്‍ ഡോണോവന്‍ പകര്‍ത്തിയ ചിത്രം. പത്ത് ചെന്നായ്ക്കളടങ്ങിയ സംഘം ഈ മസ്‌ക് ഓക്‌സിന്റെ മാംസം ഒരു മാസത്തോളം ഭക്ഷണമാക്കി.

ആര്‍ക്കിടെക്ചര്‍ ആന്‍ഡ് അര്‍ബന്‍ സ്‌പേസസ്

Lona/Biala / Gustav Willeit

ഇറ്റാലിയന്‍ ഫോട്ടോഗ്രഫര്‍ ഗുസ്താവ് വില്ലെയ്റ്റ് ലണ്ടന്‍ നഗരത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രം

സ്‌പോട്‌സ് ഇന്‍ ആക്ഷന്‍

‘തെരുവിലെ പോര്’/ Anupam Roy Chowdhury

ദീപാവലിയോട് അനുബന്ധിച്ച് കൊല്‍ക്കത്തയിലെ രാജ കത്ര മാര്‍ക്കറ്റില്‍ നടക്കുന്ന പ്രാദേശിക ഗുസ്തി താരങ്ങളുടെ പോരാട്ടം. അനുപം റോയ് ചൗധരി പകര്‍ത്തിയ ആകാശ ചിത്രം.

ഡോക്യുമെന്ററി ആന്‍ഡ് ഫോട്ടോ ജേണലിസം

‘തടവുകാരന്‍’/ Marcus Westberg

ചൈനീസ് നഗരമായ ഷാന്‍ചിയില്‍ കൂട്ടിലടയ്‌ക്കെപ്പട്ട ഭീമന്‍ പാണ്ട, സ്വീഡിഷ് ഫോട്ടോഗ്രഫര്‍ മാര്‍കസ് വെസ്റ്റ്‌ബെര്‍ഗ് പകര്‍ത്തിയ ചിത്രം.

കൊവിഡ് 19

‘ബര്‍ത്‌ഡേ’/ Brais Lorenzo Couto

രണ്ടാഴ്ച്ച മുന്‍പ് കൊവിഡിനെ അതിജീവിച്ച എലേന പെരസിന്റെ 98-ാം ജന്മദിനം ആഘോഷിക്കുന്ന നേഴ്‌സിങ്ങ് ഹോം ജീവനക്കാര്‍. സ്പാനിഷ് നഗരമായ ഗലീസിയയിലെ ഔറന്‍സില്‍ നിന്ന് ബ്രെയ്‌സ് ലോറെന്‍സോ കോട്ടോ പകര്‍ത്തിയത്.