‘സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു’; ഈ വേദന കുറയ്ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ മുന്നിട്ടിറങ്ങണമെന്ന് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മന്‍ കി ബാത്തിന് പിന്നാലെ ജന്‍ കി ബാത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ സംവിധാനങ്ങളാകെ തകര്‍ന്ന അവസ്ഥയിലാണെന്നും കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധി രാജ്യത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

“സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങളെക്കുറിച്ച് സംസാരിക്കേണ്ട സമയമാണിത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിന് ആവശ്യം ഉത്തരവാദിത്തമുള്ള ജനങ്ങളെയാണ്. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ വേദനയില്‍ ആശ്വാസം പകരാന്‍ പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസിലെ എന്റെ സഹപ്രവര്‍ത്തകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്”, രാഹുല്‍ ട്വീറ്റ് ചെയ്തു.

രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാവുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുലിന്റെ അഭ്യര്‍ത്ഥന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ജീ വന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,92,311 ആയി.