പാലക്കാട്: ലോക്ഡൗണില്‍ പൊലീസിനൊപ്പം സംഘ്പരിവാര്‍ സംഘടനയായ സേവാ ഭാരതിയും വാഹന പരിശോധന നടത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും നിയുക്ത എംഎല്‍എയുമായ ടി സിദ്ദീഖ്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുതെന്നും സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
പാലക്കാട് നഗരത്തിന് സമീപത്ത് കാടാങ്കോട് ജംഗ്ഷനിലായിരുന്നു പൊലീസുകാരോടൊപ്പം ചേര്‍ന്ന് സേവാഭാരതി പ്രവര്‍ത്തകരും വാഹന പരിശോധനയ്ക്ക് ഇറങ്ങിയത്. സേവാഭാരതി പാലക്കാട് എന്നെഴുതിയ ടീഷര്‍ട്ടും കാക്കി പാന്റും ധരിച്ചായിരുന്നു സംഘടനാ പ്രവര്‍ത്തകര്‍ നിരത്തിലെത്തിയത്.
വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുകയും പ്രവര്‍ത്തകര്‍ യാത്രക്കാരോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് മാസ്ക് മുഖത്തുനിന്നും താഴ്ത്തിവെച്ചാണ് യാത്രക്കാരോട് സംസാരിക്കുന്നത്. വീഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ സേവാഭാരതി വാഹനപരിശോധന നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വിമര്‍ശനം കടുത്തതോടെ ഇവര്‍ പരിശോധന നിര്‍ത്തിവെച്ചു.
ടി സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം:
പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാങ്കോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.