നാര്‍ക്കോസ് താലിബാന്‍; 11,000 കോടിയുടെ വിശുദ്ധ കറുപ്പ് യുദ്ധം

അഫ്ഗാന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ ആറ് മുതല്‍ 11 ശതമാനത്തിന് വരെ തുല്യമാണ് ‘കറുപ്പ് സമ്പദ് വ്യവസ്ഥ’, എന്ന് മയക്കുമരുന്നും കുറ്റകൃത്യങ്ങളും പരിശോധിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഓഫീസ് നിരീക്ഷിച്ചത് 2018ലാണ്. 2018ലെ വരള്‍ച്ച ഉല്‍പാദനത്തില്‍ ഇടിവ് വരുത്തി. 2017ല്‍ 6.6 ശതകോടി ഡോളര്‍ വരുമാനം കറുപ്പ് കൃഷിയിലൂടെ കിട്ടിയത് 2018ല്‍ 2.2 ശതകോടി ഡോളര്‍ ആയി താഴ്ന്നു. 2008 മുതല്‍ താലിബാന്‍ തങ്ങളുടെ പകുതിയിലധികം വരുമാനവും സമ്പാദിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണ്. കറുപ്പ് കൃഷിക്ക് നേതൃത്വം നല്‍കല്‍, വിളകള്‍ സംരക്ഷിക്കല്‍, മധ്യേഷ്യ വരെ നീളുന്ന ക്രിമിനല്‍ വിതരണശൃംഖലയുടെ നിയന്ത്രണം എന്നിവയിലൂടെ താലിബാന്‍ കോടിക്കണക്കിന് ഡോളര്‍ കൊയ്തുകൊണ്ടിരുന്നു. രാജ്യത്തിന്റെ സമ്പൂര്‍ണ അധികാരം കൂടി കൈവന്നതോടെ തങ്ങളുടെ കറുപ്പ് കച്ചവടം പതിന്മടങ്ങാക്കി വളര്‍ത്താനുള്ള അവസരം കൂടിയാണ് താലിബാന് ലഭിച്ചിരിക്കുന്നത്.

ഭൗമ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ് അഫ്ഗാനി കറുപ്പിന്റെ കഥ. ഏതാണ് 16-ാം നൂറ്റാണ്ടിന്റെ തുടക്കം മുതലെങ്കിലും പേര്‍ഷ്യ, തുര്‍ക്കി, ഇന്ത്യ എന്നിവിടങ്ങളില്‍ കറുപ്പിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനം വ്യാപകമായിരുന്നു. എന്നിരിക്കലും വിപണി പ്രാദേശികമായിരുന്നു. സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ പെട്ട ചെറിയൊരു വിഭാഗം ആളുകള്‍ക്ക് മരുന്നായാണ് കൂടുതലായും കറുപ്പ് അന്ന് ഉപയോഗിക്കപ്പെട്ടത്.

ബ്രിട്ടീഷുകാരാണ് കറുപ്പിന്റെ യഥാര്‍ത്ഥ കച്ചവട സാധ്യത കണ്ടെത്തി വിനിയോഗിച്ചത്. 1773ഓടെ കറുപ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കുത്തകയായി. ഇപ്പോഴത്തെ ബിഹാറിലേയും യുപിയിലേയും പാടങ്ങളില്‍ നിന്ന് ചൈനീസ് മാര്‍ക്കറ്റിലേക്ക് കറുപ്പ് ഒഴുകിയെത്തി. 1775ല്‍ 75 ടണ്‍ കറുപ്പ് ബ്രിട്ടീഷുകാര്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്തു. 1850ല്‍ ഇത് 3,200 ടണ്‍ ആയി. മനുഷ്യരെ അടിമയാക്കുന്ന കറുപ്പിന്റെ സാമൂഹിക വിപത്ത് തിരിച്ചറിഞ്ഞ് ചൈന പലവട്ടം കറുപ്പ് നിരോധിച്ചു. പക്ഷെ, 1839ലും 1858ലും ബ്രീട്ടീഷ് പട്ടാളമിറങ്ങി കച്ചവടത്തിനുള്ള അവകാശം പിടിച്ചുവാങ്ങി.

കറുപ്പ് പുകയ്ക്കുന്ന ചൈനക്കാര്‍, 1870

ഏഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ വാതില്‍ തുറന്ന് ബ്രീട്ടിഷുകാര്‍ അകത്തോട്ട് ചുവടുവെച്ചത് കറുപ്പിലൂടെയാണെന്ന് ചരിത്രകാരനായ കാള്‍ ട്രോക്കി ചൂണ്ടിക്കാണിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, മറ്റ് ശൃംഖലകള്‍ക്കൊപ്പം കിഴക്കന്‍ ഏഷ്യയില്‍ സജീവമായിരുന്ന അമേരിക്കന്‍ മിഷണറികള്‍ മുഖേന ഒരു അന്താരാഷ്ട്ര കറുപ്പ് ശക്തി ഉയര്‍ന്നുവരാന്‍ തുടങ്ങി. ഇന്ത്യയിലെ ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തെ അത് നിര്‍ബന്ധിതരാക്കി.

1920കളുടെ മധ്യം തൊട്ട് അഫ്ഗാനില്‍ നിന്നുള്ള കറുപ്പ് കടത്ത് തടയാനുള്ള ശ്രമങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യം നടത്തിയെങ്കിലും വിഫലമായി. ഒടുവില്‍ അഫ്ഗാന്റെ കറുപ്പ് കൃഷിയോട് ലോകത്തിന് സമാധാനം പ്രഖ്യാപിക്കേണ്ടി വന്നു. കറുപ്പ് അധിഷ്ഠിതമായ അനസ്‌തേഷ്യ മരുന്നുകളുടെ ആവശ്യകത കുതിച്ചുയര്‍ന്നതോടെ രണ്ടാം ലോക മഹായുദ്ധ കാലത്ത് (1939-45) രാജ്യങ്ങള്‍ ഔദ്യോഗികമായി വന്‍ തോതില്‍ കറുപ്പ് വാങ്ങിക്കുകയും ചെയ്തു.

1980കളിലാണ് കറുപ്പ് ഉല്‍പാദനം വീണ്ടും സ്‌ഫോടനാത്മകമായി വര്‍ധിച്ചത്. സോവിയറ്റ് യൂണിയനെതിരെയുള്ള യുദ്ധച്ചെലവ് കണ്ടെത്താന്‍ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ ആശ്രയിച്ചത് കറുപ്പിനെയാണ്.

താലിബാന്റെ മയക്കുമരുന്ന് ഇടപാടുകളേക്കുറിച്ച് ‘സീഡ്‌സ് ഓഫ് ടെറര്‍’ എന്ന പുസ്തകമെഴുതിയ ഗ്രെച്ചന്‍ പീറ്റേഴ്‌സ് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. മുജാഹിദീന്‍ കമാണ്ടറായിരുന്ന മുല്ല മുഹമ്മദ് നസീം അകുന്‍സാദ ‘ഉല്‍പാദന ക്വോട്ടകള്‍ നിശ്ചയിക്കുകയും ചെറുകിട പോപ്പി കര്‍ഷകര്‍ക്ക് കവര്‍ച്ചാ സമാനമാ വായ്പകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു,’ മാത്രമല്ല ‘പോപ്പി നടാന്‍ മടിച്ച കര്‍ഷകരെ ഷണ്ഡീകരിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി’. 1986ല്‍ ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഒരു മുജാഹിദീന്‍ കമാണ്ടര്‍ പറയുന്നതിങ്ങനെ, ‘ഞങ്ങളുടെ വിശുദ്ധയുദ്ധം നടത്താന്‍ ഞങ്ങള്‍ കറുപ്പ് കൃഷിയും വില്‍പനയും ചെയ്യുക തന്നെ വേണം.’

‘ജിഹാദ്’ നടത്താനുള്ള അമേരിക്കന്‍-സൗദി സാമ്പത്തിക സഹായം കൈകാര്യം ചെയ്തിരുന്ന ഇന്റര്‍ സര്‍വ്വീസസ് ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മയക്കുമരുന്നു കച്ചവടത്തിലും മുജാഹിദുകളെ സഹായിച്ചു. ആയുധങ്ങളും മരുന്നുകളും ഭക്ഷണവും കൊണ്ടുവരാന്‍ ഉപയോഗിച്ചിരുന്ന കടത്ത് റൂട്ടുകള്‍ കറുപ്പിനേയും ഏറ്റെടുത്തു. കറാച്ചിയിലെ ക്രിമിനല്‍ കാര്‍ട്ടലുകള്‍ വഴി മയക്കുമരുന്നുകള്‍ യൂറോപ്പിലും യുഎസിലുമെത്തി, കറുപ്പിനെ ഓഹരി വിപണിയിലൂടേയും ഭൂസ്വത്ത് വിപണിയിലൂടേയും അവര്‍ തിരിച്ച് വെളുപ്പിച്ചെടുത്ത് നല്‍കിക്കൊണ്ടിരുന്നു.

കൗതുകകരമായ ഒരു കാര്യം കൂടിയുണ്ട്, മയക്കുമരുന്നുകള്‍ക്ക് അനുകൂലമായ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കുന്നതില്‍ യുദ്ധവും ഒരു പങ്കുവഹിച്ചു. കൈകൊണ്ട് കുഴിച്ചെടുക്കുന്ന തുരങ്കങ്ങളിലൂടെ ഭൂഗര്‍ഭജലം ലഭ്യമാക്കുന്ന പ്രാചീന ‘കാരെസ്’ ജലസേചന വ്യവസ്ഥയാണ് പലയിടങ്ങളിലും അഫ്ഗാനികള്‍ പിന്തുടര്‍ന്നിരുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ സമയത്ത് ഈ തുരങ്കനീര്‍ച്ചാലുകള്‍ ബോംബ് സ്‌ഫോടനത്തിലൂടെ പുറത്തുചാടി. യുദ്ധ പ്രഭുക്കന്‍മാര്‍ ഈ ജലസേചന സമ്പ്രദായത്തിന്റെ കുത്തകയേറ്റെടുത്തു. ജലവിതരണത്തിന് പണം ആവശ്യപ്പെട്ടുതുടങ്ങി. പോപ്പികൃഷിയില്‍ നിന്ന് വലിയ ലാഭമൊന്നുമുണ്ടാക്കാന്‍ കര്‍ഷകര്‍ക്കായില്ലെങ്കിലും വരളച്ചയെ പ്രതിരോധിക്കാനുള്ള അതിന്റെ ശേഷിയും വിപണിയിലെ ആവശ്യവും അവരെ നിലനിര്‍ത്തി.

കറുപ്പിനെ അവസാനിപ്പിച്ചുകളയുമെന്ന വാഗ്ദാനത്തോടെയാണ് 1997ല്‍ താലിബാന്‍ അധികാരത്തില്‍ വന്നത്. ആ വര്‍ഷമിറക്കിയ ഒരു പ്രസ്താവനയില്‍ താലിബാന്‍ ഭരണകൂടം ഇങ്ങനെ ഉത്തരവിടുന്നു-‘ഹാഷിഷ്, ഹെറോയിന്‍ എന്നിവ കച്ചവടം ചെയ്യുന്നതും ഉപയോഗിക്കുന്നതും അവസാനിപ്പിക്കണമെന്ന് ഒരിക്കല്‍ കൂടി കര്‍ശനമായി ഓര്‍മ്മിപ്പിക്കുകയാണ്. ഈ ഉത്തരവ് ആരെങ്കിലും ലംഘിച്ചാല്‍ അവര്‍ പരമോന്നതനായ മൊഹമ്മദിന്റേയും ശരിയ നിയമങ്ങളും അനുസരിച്ച് ശിക്ഷിക്കപ്പെടും.’

എന്നാല്‍ യഥാര്‍ത്ഥ്യം ഈ വാഗ്ദാനത്തില്‍ നിന്നും ഏറെ അകലെയായിരുന്നു. 2,250 ടണ്‍ കറുപ്പാണ് 1996ല്‍ അഫ്ഗാനിസ്താന്‍ ഉല്‍പാദിപ്പിച്ചത്. 1999ല്‍ ഇത് 4,580 ടണ്‍ ആയി വര്‍ധിച്ചു. 1999ല്‍ രാജ്യത്തിന്റെ ഭൂരിഭാഗവും ഇസ്ലാമിക് എമിറേറ്റിന് കീഴിലായിരുന്നു എന്നോര്‍ക്കണം. താലിബാന്റെ കീഴിലായിരുന്ന സ്ഥലങ്ങളിലായിരുന്നു അഫ്ഗാനിലെ 97 ശതമാനം കറുപ്പും ഉല്‍പാദിപ്പിക്കപ്പെട്ടത്. എല്ലാ വരുമാനത്തില്‍ നിന്നും 10 ശതമാനം വീതം ദശാംശം നല്‍കാന്‍ പ്രാദേശിക കമാണ്ടര്‍മാര്‍ക്ക് ചുമതലയുണ്ടായിരുന്നു. ആ പണം കൂടുതല്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കാനുള്ള ക്യാംപെയ്‌നുകള്‍ക്ക് വേണ്ടി ഫണ്ടായി വിനിയോഗിക്കപ്പെട്ടു.

രണ്ടായിരത്തോടെ താലിബാന്‍ മയക്കുമരുന്ന് കൃഷി നിര്‍ത്താനുള്ള ശ്രമങ്ങളാരംഭിച്ചു. ഉപരോധങ്ങള്‍ അവസാനിപ്പിക്കാനും അന്തര്‍ദേശീയ സഹായങ്ങള്‍ വര്‍ധിപ്പിക്കാനും വേണ്ടിയായിരുന്നു ആ നീക്കം. മയക്കുമരുന്നുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ ലോകം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു പിന്നോട്ടുകറക്കമാണ് പിന്നീടുണ്ടായത്. 82,000 ഹെക്ടറുണ്ടായിരുന്ന പോപ്പി കൃഷി 8,000 ഹെക്ടറായി ചുരുങ്ങി.

മയക്കുമരുന്നിനെതിരെ താലിബാന്‍ നടത്തിയ ഒരു മതവിശ്വാസാധിഷ്ടിത നീക്കമാണോ ഇതെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് ഭിന്നാഭിപ്രായമാണുള്ളത്. ഗ്രെച്ചന്‍ പീറ്റേഴ്‌സ് പറയുന്നത് താലിബാന്‍ കറുപ്പ് സംഭരണം തുടരുകയും വില ഉയര്‍ത്താന്‍ വേണ്ടി ഉല്‍പാദനം കുറച്ചു എന്നുമാണ്. ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി (ഡിഇഎ) രേഖകള്‍ പറയുന്നതനുസരിച്ച് സെപ്തംബര്‍ 11 ആക്രമണത്തിന്റെയന്ന് വൈകിട്ട് കറുപ്പ് കിലോ ഒന്നിന് റെക്കോഡ് വിലയായ 746 ഡോളറിലെത്തി. പിന്നീട് കിലോയ്ക്ക് 95 ഡോളറായി കുറഞ്ഞു. യുഎസ് നേതൃത്വത്തിലുള്ള അധിനിവേശം മുന്നില്‍ കണ്ട് കറുപ്പ് സംഭരിച്ചു വെച്ചവര്‍ അത് ഉപേക്ഷിച്ചെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മയക്കുമരുന്ന് ഉല്‍പാദനത്തിനെതിരായ നവോത്ഥാന പോരാട്ടത്തില്‍ ചെറിയ പുരോഗമനം മാത്രമാണ് യഥാര്‍ത്ഥത്തിലുണ്ടായത്. അമേരിക്കന്‍ അധിനിവേശത്തിന് ശേഷം, 2002ല്‍ പോപ്പി കൃഷി 72,000 ഹെക്ടര്‍ ആയി ഉയര്‍ന്നു. യുഎസുമായി സഹകരിച്ച യുദ്ധപ്രഭുക്കന്മാരില്‍ പലരും മയക്കുമരുന്ന് വ്യാപാരത്തിന്റേയും ഭാഗമായിരുന്നു. വരുമാനത്തിന് പോപ്പിയെ ആശ്രയിച്ചിരുന്ന പ്രാദേശിക സമൂഹങ്ങളെ അകറ്റാന്‍ മാത്രമേ ആന്റി-നാര്‍ക്കോട്ടിക്‌സ് പ്രവര്‍ത്തനങ്ങള്‍ കൊണ്ടായുള്ളൂ.

2006 മുതല്‍ പാകിസ്താനിലെ സങ്കേതങ്ങളില്‍ നിന്നും താലിബാന്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. മയക്കുമരുന്ന് വീണ്ടും പ്രധാന വരുമാന മാര്‍ഗമായി. 2007ല്‍ മുസ ഖാല പട്ടണം താലിബാന്‍ പിടിച്ചെടുത്തപ്പോള്‍ ഒപിയം കൃഷി ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം എട്ട് ഡോളര്‍ നികുതി ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ താലിബാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനവല്‍കരിച്ചു. കറുപ്പ് കടത്തുന്ന ട്രക്കുകള്‍, സംസ്‌കരിക്കുന്ന ലബോറട്ടറികള്‍, മധ്യേഷ്യയേയും പാകിസ്താനേയും ലക്ഷ്യമിട്ട് നീങ്ങുന്ന കാര്‍ട്ടല്‍ വാഹനവ്യൂഹങ്ങള്‍ എന്നിവയ്ക്ക് താലിബാന്‍ സെസ്സുകള്‍ ചുമത്തി.

താലിബാന്റെ പോപ്പി കൃഷിയിലൂടെയുള്ള ശക്തി പ്രാപിക്കലിനെ തടയാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. കൊളംബിയയിലും പെറുവിലും നടത്തിയതുപോലെ ആകാശം വഴിയുള്ള സ്‌പ്രേയിങ്ങ് ദൗത്യങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. പട്ടാളത്തെ ഉപയോഗിച്ചുള്ള ഓപ്പറേഷനുകളും ലക്ഷ്യത്തിലത്തിയില്ല. അഫ്ഗാനെ കാര്‍ന്നുതിന്നുന്ന മറ്റൊരു അനധികൃത പ്രവൃത്തിയാണ് മയക്കുമരുന്ന് കൃഷിയെന്ന തീര്‍പ്പിലേക്ക് ബറാക് ഒബാമയുടെ യുഎസ് ഭരണകൂടം ഒടുവില്‍ എത്തിച്ചേര്‍ന്നു. അ്ഫ്ഗാനിലെ അഴിമതി ഇല്ലാതാക്കുന്നതില്‍ ശ്രദ്ധ മുഴുവനായി കേന്ദ്രീകരിച്ചെങ്കിലും അതും വിജയിച്ചില്ല.

2018 വരെ താലിബാന്റെ മയക്കുമരുന്ന് വിപണിയെ തകര്‍ക്കാനുള്ള ഇടവിട്ടുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. വ്യോമസേനയെ ഉപയോഗിച്ചുള്ള ഈ നീക്കം ഒരു കാഴ്ച്ച മാത്രമായി ഒതുങ്ങി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ഗവേഷകന്‍ ഡേവിഡ് മാന്‍സ്ഫീല്‍ഡ് പറയുന്നത് ഒരു ഗുണവും പറന്നുനടന്നുള്ള ശ്രമങ്ങള്‍ കൊണ്ടുണ്ടായില്ലെന്നാണ്. ഹെറോയിന്റെ തെരുവ് വിലയും 2863 ഡോളര്‍ ടാക്‌സായും കണക്കുകൂട്ടിയാല്‍ താലിബാനുണ്ടായ നഷ്ടം ഏതാണ്ട് 1,90,750 ഡോളറാണ്. ഒരു എഫ്22 ബോംബര്‍ വിമാനത്തിന്റെ ഒരു മണിക്കൂര്‍ പറക്കലിന് ചെലവായിരുന്നതാകട്ടെ 70,000 ഡോളറും.

അവശേഷിക്കുന്ന പ്രതിരോധങ്ങളും തൂത്തെറിഞ്ഞ് താലിബാന്‍ തങ്ങളുടെ അധികാരം വ്യാപിപ്പിച്ചപ്പോള്‍ ആവനാഴിയില്‍ ഏറ്റവും പ്രധാനമായുണ്ടായിരുന്നത് കറുപ്പ് പണമാണ്. 2020ല്‍ താലിബാന്‍ അധീനതയിലായിരുന്ന പ്രദേശങ്ങളിലെ ഒപിയം കൃഷി 1.63 ലക്ഷം ഹെക്ടറില്‍ നിന്ന് 2.24 ലക്ഷം ഹെക്ടറായി കുത്തനെ വര്‍ധിച്ചു. താലിബാന്റെ നാടകീയമായ അധികാരം പിടിച്ചെടുക്കല്‍ ഈ കറുപ്പ് ഇടപാടുകളെ കൂടുതല്‍ സ്ഥാപനവല്‍കരിക്കും. വരാനിരിക്കുന്ന ഉപരോധങ്ങള്‍ കൂടി മുന്നില്‍ കണ്ടുകൊണ്ടാണിത്.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇതിന്റെയെല്ലാം ഫലമായി ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബ മുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് വരെയുള്ള ഭീകരവാദഗ്രൂപ്പുകള്‍ ഇന്ത്യയെ ലക്ഷ്യമിടുന്നത് വര്‍ധിക്കുമെന്നും അവര്‍ക്കെല്ലാം പുതിയ സാമ്പത്തിക സ്രോതസ്സുകളുണ്ടാകുമെന്നും നിരീക്ഷണങ്ങളുണ്ട്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കണ്ണുകള്‍ കൊണ്ട് കാണാനാകാത്തവയായിരിക്കാം ഇവ. എല്ലാറ്റിലുമുപരിയായി ഇന്ത്യയിലേക്ക് മയക്കുമരുന്നിന്റെ ഒഴുക്ക് കൂടിയേക്കും. ഉല്‍പാദനം കൂടുമ്പോള്‍ കാര്‍ട്ടലുകള്‍ പുതിയ വിപണികള്‍ കണ്ടെത്തുന്നതിന്റെ സ്വാഭാവിക പരിണതി.

ഈ പ്രശ്‌നത്തിന് ശാശ്വതമായൊരു പരിഹാരമില്ല എന്നതാണ് സങ്കടപ്പെടുത്തുന്ന സത്യം. മെക്‌സിക്കോ മുതല്‍ കൊളംബിയ വരെ, മയക്കുമരുന്ന് ഉല്‍പാദനം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ നിന്ന് ലോകം പഠിച്ച ഒരു കാര്യം അത് സിസിഫസിന്റെ കല്ലുരുട്ടല്‍ പോലെ നിരര്‍ത്ഥകമാണെന്നാണ്. ആധുനികമായൊരു അഫ്ഗാന്‍ ഭരണകൂടം സൃഷ്ടിച്ചെടുക്കാന്‍ കഴിയാതെ പോയ ലോകപരാജയത്തിന്റെ ഏറ്റവും വിഷലിപ്തമായ അവശിഷ്ടങ്ങളിലൊന്നാണ് വീണ്ടും പൂവിടുന്ന ഈ കറുപ്പ് സാമ്രാജ്യം.