അമേരിക്കൻ പിന്മാറ്റത്തിനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ; രാജ്യംവിടാൻ കാത്ത് ആയിരങ്ങൾ ഇനിയും ബാക്കി

കാബൂൾ: അമേരിക്കൻ സേനയ്ക്ക് അഫ്‌ഗാനിസ്ഥാനിൽ നിന്നും പിന്മാറാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കാബൂൾ വിമാനത്താവളത്തിന് സമീപം റോക്കറ്റാക്രമണങ്ങൾ തുടരുന്നു. അമേരിക്കൻ സൈന്യത്തിന്റെ മിസൈൽ വിരുദ്ധ സംവിധാനം തിങ്കളാഴ്ച്ച രാവിലെ മാത്രം അഞ്ച് റോക്കറ്റുകളാണ് നശിപ്പിച്ചതെന്ന് സേനാവൃത്തങ്ങൾ പറഞ്ഞു. സൈനികരെ പൂർണമായി പിൻവലിക്കുന്നതിന് മുൻപായി അഫ്‌ഗാനിൽ ശേഷിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരെയും രാജ്യത്തിന് പുറത്തെത്തിക്കാനുള്ള അവസാനഘട്ട ദൗത്യത്തിലാണ് നാറ്റോ സേന. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരാക്രമണവും മറുപടിയായുള്ള അമേരിക്കൻ വ്യോമാക്രമണവും കാബൂളിലെ സ്ഥിതിഗതികൾ ഗൗരവമാക്കിയിട്ടുണ്ട്.

താലിബാനും അമേരിക്കയും തമ്മിലുള്ള സമാധാന ഉടമ്പടി പ്രകാരം ഇരുപത് വർഷത്തെ യുദ്ധം അവസാനിപ്പിച്ച് സൈനികരും ഉദ്യോഗസ്ഥരും അഫ്‌ഗാനിൽ നിന്നും പൂർണമായി പിന്മാറാനുള്ള അവസാന തീയതി ആഗസ്റ്റ് 31 ആണ്. വിദേശീയരും നാറ്റോ സൈന്യത്തെ സഹായിച്ച അഫ്‌ഗാൻ പൗരന്മാരും ഉൾപ്പെടെ 114,400 പേരെയാണ് ഇതുവരെ അഫ്‌ഗാന് പുറത്തെത്തിച്ചത്. ഇനിയും നിരവധിയാളുകൾ അവസരം കാത്ത് കാബൂളിലും പരിസര പ്രദേശങ്ങളിലും കഴിയുകയാണ്. അതേസമയം അമേരിക്ക പിന്മാറുന്നതോടെ തൊട്ടടുത്ത മണിക്കൂറുകളിൽ തന്നെ കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളം ഏറ്റെടുക്കാൻ എഞ്ചിനീയർമാരും സുരക്ഷാ ഭടന്മാരും സജ്ജമാണെന്നും താലിബാൻ പറഞ്ഞു.

എല്ലാ അമേരിക്കൻ പൗരന്മാരെയും തിരികെ കൊണ്ടുപോകുന്നതുവരെ സൈന്യം അഫ്‌ഗാനിൽ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനം തിരുത്തി. ആഗസ്റ്റ് 31ന് തന്നെ സേനാ പിന്മാറ്റം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കൻ സേനയെ വിവിധ ഘട്ടങ്ങളിൽ സഹായിച്ച, താലിബാനുകീഴിൽ ഭീഷണി നേരിടുന്ന, എല്ലാ അഫ്‌ഗാൻ പൗരന്മാരെയും സുരക്ഷിതരായി പുറത്തെത്തിക്കുമെന്നും ബൈഡൻ ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാബൂളിൽ സ്ഥിതികൾ ഗുരുതരമായതോടെ വിദേശീയരെ ഒഴിപ്പിക്കുന്നതിലേക്ക് നാറ്റോ സേന കേന്ദ്രീകരിക്കുകയായിരുന്നു. രാജ്യം വിട്ട് പുറത്ത്പോകാനുള്ള എല്ലാ ശ്രമങ്ങളും തങ്ങൾ നടത്തുകയാണെന്നും ഒന്നുകിൽ അമേരിക്ക പ്രഖ്യാപിച്ചതുപോലെ തങ്ങളെ സുരക്ഷിതരായി പുറത്തെത്തിക്കണമെന്നും അല്ലെങ്കിൽ രാജ്യത്തിനകത്ത് സൈന്യം സുരക്ഷ ഉറപ്പാക്കണമെന്നുമാണ് വിമാനത്താവളത്തിന് സമീപം തടിച്ചുകൂടിയിരിക്കുന്ന അഫ്‌ഗാൻ പൗരന്മാർ ആവശ്യപ്പെടുന്നത്.

എന്നാൽ സമയപരിധിക്കുള്ളിൽ ഒഴിപ്പിക്കൽ പൂർത്തിയാക്കാത്തതിൽ അമേരിക്കയെയും മറ്റ് നാറ്റോ രാജ്യങ്ങളെയുമാണ് താലിബാൻ കുറ്റപ്പെടുത്തുന്നത്. അമേരിക്കയ്ക്ക് ഇതിനേക്കാൾ വ്യക്തമായ പദ്ധതി ഉണ്ടാകേണ്ടിയിരുന്നുവെന്ന് താലിബാൻ നേതൃത്വം അഭിപ്രായപ്പെടുന്നു. അതേസമയം അഫ്‌ഗാനിൽ നിന്നും പുറത്തേക്ക് പോകാൻ ആളുകൾ ധൃതിപ്പെടേണ്ടതില്ലെന്നും വൈകാതെ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ ജനങ്ങൾക്ക് ഇഷ്ടാനുസരണം യാത്ര ചെയ്യാമെന്നുമാണ് താലിബാൻ പറയുന്നത്. യു.കെ ഉൾപ്പടെയുള്ള മിക്ക രാജ്യങ്ങളും ഒഴിപ്പിക്കൽ ഔദ്യോഗികമായി അവസാനിപ്പിച്ചു. അപായ സാദ്ധ്യതയുള്ള വ്യക്തികളെ മാത്രമാണ് നാറ്റോ സേനാ അവസാന മണിക്കൂറുകളിൽ പുറത്തെത്തിക്കുന്നത്.

അമേരിക്കൻ പിന്മാറ്റം ഔദ്യോഗികമായി അവസാനിച്ചതിന് ശേഷം സർക്കാർ രൂപീകരണ പ്രക്രിയകളിലേക്ക് കടക്കുമെന്നാണ് താലിബാൻ പ്രഖ്യാപിച്ചിട്ടുള്ളത്. ദിവസങ്ങൾക്കുള്ളിൽ തന്നെ സമ്പൂർണ കാബിനറ്റ് പ്രഖ്യാപിക്കുമെന്ന് താലിബാൻ വക്താവ് സൈബുള്ള മുജാഹിദ് ഞായറാഴ്ച്ച വ്യക്തമാക്കി. താലിബാൻ സഹ-സ്ഥാപകനും മുതിർന്ന നേതാവുമായ അബ്ദുൽ ഗനി ബറാദർ കാബൂളിൽ വിവിധ കക്ഷികളുമായി ചർച്ചകൾ തുടരുകയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് താലിബാൻ നിലപാട്. ആഗസ്റ്റ് പതിനഞ്ചിനായിരുന്നു കാബൂളും കീഴടക്കി താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം കൈക്കലാക്കിയത്.