യുഎസ് ഡ്രോണാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍; കാബൂള്‍ റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ് ഐഎസ്‌ഐഎല്‍

കാബൂള്‍: ചാവേര്‍ ബോംബറെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സാധാരണക്കാരും കൊല്ലപ്പെട്ടെന്ന് താലിബാന്‍. ഏഴ് സാധാരണക്കാര്‍ ഞായറാഴ്ച്ചയുണ്ടായ യുഎസ് നടപടിയില്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ആരോപിച്ചു. വിദേശ മണ്ണില്‍ അമേരിക്ക നടത്തിയ നീക്കം നിയമവിരുദ്ധമാണ്. ആക്രമണത്തിന് ഉത്തരവിടുന്നതിന് മുന്‍പ് അമേരിക്കന്‍ ഭരണകൂടം തങ്ങളെ വിവരം അറിയിക്കണമായിരുന്നെന്നും താലിബാന്‍ പറഞ്ഞു. ചൈനീസ് ഔദ്യോഗിക മാധ്യമമായ സിജിടിഎന്നിനോടാണ് സബീഹുള്ളയുടെ പ്രതികരണമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിസ്താനില്‍ ഏതെങ്കിലും വിധത്തിലുള്ള ഭീഷണി സാധ്യതയുണ്ടായിരുന്നെങ്കില്‍ ഞങ്ങളെ അറിയിക്കേണ്ടതായിരുന്നു. സാധാരണക്കാരുടെ മരണത്തിന് കാരണമായ, ഏകപക്ഷീയമായ ഒരു ആക്രമണം നടത്തുകയായിരുന്നില്ല വേണ്ടത്.

സബീഹുള്ള മുജാഹിദ്

കാബൂള്‍ വിമാനത്താവളത്തില്‍ കാര്‍ ബോംബാക്രമണം ലക്ഷ്യമിട്ട് നീങ്ങുകയായിരുന്ന ചാവേറിന്റെ നീക്കമാണ് ഇല്ലാതാക്കിയതെന്ന് പെന്റഗണ്‍ പ്രസ്താവിച്ചു. കാറില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരമുണ്ടായിരുന്നു. അത് കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായിരിക്കാം. സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളിന്മേല്‍ അന്വേഷണം നടത്തുകയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

അഫ്ഗാനില്‍ നിന്ന് പിന്മാറുന്നതിന്റെ അവസാനഘട്ടത്തിലാണ് യുഎസ് സൈന്യം. വ്യാഴാഴ്ച്ച കാബൂള്‍ ഹമീദ് കര്‍സായി എയര്‍പോര്‍ട്ടിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 200ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച്ച രാവിലേയും വിമാനത്താവളത്തിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിക്കപ്പെട്ടു. ആക്രമണം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളെ റോക്കറ്റ് ആക്രമണം ബാധിച്ചില്ലെന്നും മിസൈല്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് ചില റോക്കറ്റുകളെ തടഞ്ഞെന്നും യുഎസ് അധികൃതര്‍ പ്രതികരിച്ചു.

അതിനിടെ വിമാനത്താവളത്തിന് നേരെയുണ്ടായ റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഘടക സംഘടനയായ ഐഎസ്‌ഐഎല്‍ രംഗത്തെത്തി. തങ്ങളുടെ ആറ് ‘കാറ്റിയൂഷ’ റോക്കറ്റുകളാണ് കാബൂള്‍ എയര്‍പോര്‍ട്ടിനെ ലക്ഷ്യമിട്ടതെന്ന് ഐഎസ്‌ഐഎല്‍ പ്രസ്താവിച്ചു. ടെലിഗ്രാം ചാനലിലൂടെയാണ് ഐഎസിന്റെ പ്രതികരണം.